ഹോങ് കോങ്: സർക്കാർവിരുദ്ധപ്രക്ഷോഭം കത്തിപ്പടരുന്ന ഹോങ് കോങ്ങിലെ തെരുവുകൾ യുദ്ധക്കളമാവുന്നു. പോലീസും സമരക്കാരും തമ്മിൽ പലയിടങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ലാത്തിയും ഷീൽഡും കണ്ണീർവാതകവുമായി എത്തുന്ന പോലീസിനെ നേരിടാൻ അമ്പും വില്ലും കല്ലും കട്ടയും പെട്രോൾ ബോംബുമെല്ലാം സമരക്കാർ ആയുധമാക്കുന്നു. പെട്രോൾ ബോംബുകൾ വ്യാപകമായതോടെ പലതെരുവുകളിലും തീപ്പിടിത്തവുമുണ്ട്.

ഹോങ് കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ നൂറുകണക്കിന് പ്രക്ഷോഭകരാണ് തമ്പടിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി പരിസരം വിടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമരക്കാരുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് കാലിൽ അമ്പേറ്റു. സർവകലാശാലയോടുചേർന്നുള്ള തുരങ്കപാതയും സമരക്കാരുടെ നിയന്ത്രണത്തിലാണ്. സർക്കാരിനെതിരേയുള്ള സമ്മർദം ശക്തമാക്കാൻ അടുത്തയാഴ്ച സമ്പദ്‌വ്യവസ്ഥ സ്തംഭിപ്പിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പുനൽകി. ‘എല്ലായിടത്തും പൂക്കുക’ എന്നപേരിൽ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും സമരക്കാർ ശക്തിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം നഗരത്തിലിറങ്ങിയ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയെ ഞായറാഴ്ച പ്രക്ഷോഭകരെ നേരിടാൻ നിയോഗിച്ചിട്ടില്ല. അപ്രതീക്ഷിതമായി ആക്രമണങ്ങളുണ്ടായാൽ സൈന്യത്തെ ഉപയോഗിക്കുമെന്ന് സ്വന്തം സാമൂഹികമാധ്യമമായ ‘വീബോ’യിൽ ചൈന വ്യക്തമാക്കിയിരുന്നു.

Content highlights: Hong Kong, Protests