ഹോങ് കോങ്: പ്രതിഷേധക്കാരനെ പോലീസ് വെടിവെച്ചിട്ടതിനെത്തുടർന്ന് ഹോങ് കോങ്ങിൽ പ്രക്ഷോഭം ആളിപ്പടരുന്നു. മുഖംമൂടി ധരിച്ചെത്തിയ 21-കാരനെയാണ് പോലീസുദ്യോഗസ്ഥൻ തൊട്ടടുത്തുനിന്ന് വെടിയുതിർത്തത്. സൈ വാൻ ഹോയിൽ പ്രക്ഷോഭകർ റോഡ് ഉപരോധിക്കുന്നതിനിടെയാണ് സംഭവം.

ഇതിന്റെ ദൃശ്യങ്ങൾ ചിലർ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതോടെ ഹോങ് കോങ്ങിൽ അഞ്ചുമാസമായി തുടരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. ഇതുവരെ മൂന്നുപേർക്ക് പോലീസ് വെടിവെപ്പിൽ പരിക്കേറ്റു.

തിങ്കളാഴ്ച രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. മെട്രോ റെയിൽവേ സ്റ്റേഷനുകളുടെയും മറ്റ് പൊതുസംവിധാനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. കടകളും പോലീസ് തീർത്തിരുന്ന ബാരിക്കേഡുകളും സമരക്കാർ തകർത്തു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പോലീസ് റബ്ബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. ഹോങ് കോങ്ങിലെ ചൈനീസ് സർവകലാശാലയിലും ആക്രമണമുണ്ടായി.

ചൈനയെ പിന്തുണയ്ക്കുന്നയാളെ പ്രക്ഷോഭകൻ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങളും തിങ്കളാഴ്ച പുറത്തുവന്നു. ഇരുവരും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടെ മുഖംമൂടി ധരിച്ചയാൾ തീകൊളുത്തുകയായിരുന്നു. ഇദ്ദേഹവും പരിക്കേറ്റ് ചികിത്സയിലാണ്. പ്രക്ഷോഭകരാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. തീവണ്ടിക്കുള്ളിൽ പെട്രോൾ ബോംബ് വലിച്ചെറിയുന്നതുൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ സമരക്കാർ നടത്തുന്നുണ്ടെന്നും പോലീസ് ആരോപിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഹോങ് കോങ് ഭരണാധികാരി കാരി ലാം ആവർത്തിച്ചു.

Content Highlights: Hong Kong, Protests