ഹോങ്‌ കോങ്: ജനാധിപത്യപ്രക്ഷോഭം ശക്തിപ്രാപിച്ച ഹോങ്‌ കോങ്ങിൽ ഞായറാഴ്ച പോലീസും സമരക്കാരും ഏറ്റുമുട്ടി. ചൈനീസ് സർക്കാരിനുമേൽ സമ്മർദംചെലുത്തണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച സമരക്കാർ യു.കെ. കോൺസുലേറ്റിനുമുന്നിൽ നടത്തിയ റാലിയാണ് അക്രമാസക്തമായത്.

നിരോധനം ലംഘിച്ച് ആയിരക്കണക്കിന് സമരക്കാർ നഗരത്തിൽനടന്ന റാലിയിൽ അണിനിരന്നു. കല്ലും പെട്രോൾ ബോംബും ആയുധമാക്കിയ സമരക്കാർക്കുനേരെ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പാർലമെന്റ് മന്ദിരത്തിനടുത്തുള്ള ചൈനീസ് സൈനികതാവളത്തിനുനേർക്കും സമരക്കാർ കല്ലേറുനടത്തി.

പെട്രോൾ ബോംബ് ആക്രമണത്തിൽ ജലപീരങ്കി കത്തിനശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഹോങ്‌ കോങ്ങിനെ മോചിപ്പിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങി. യു.എസ്. പതാകയുടെ മാതൃകയും പിടിച്ചാണ് ചിലർ സമരത്തിൽ പങ്കെടുത്തത്.

Content Highlights: Hong Kong protests