ബെയ്ജിങ്: നഗരത്തിൽ മൂന്നുമാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിക്കൊരുങ്ങുന്നതായ വാർത്ത ഹോങ്‌ കോങ് ചീഫ് എക്സിക്യുട്ടീവ് കാരിലാം നിഷേധിച്ചു. ഹോങ്‌ കോങ്ങിനെ സംരക്ഷിക്കാൻ താനും വിശ്വസ്ത ഉദ്യോഗസ്ഥരും എപ്പോഴും ഉണ്ടാവണമെന്നാണ് കരുതുന്നതെന്നും രാജിക്കാര്യം ചൈനീസ് അധികൃതരുമായി ചർച്ചചെയ്യുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കുകയാണെന്ന കാരി ലാമിന്റെ ഓഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നതിനെത്തുടർന്ന് അവർക്ക് എല്ലാപിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു.

പ്രത്യേക ഭരണപ്രദേശമായ ഹോങ്‌ കോങ്ങിനെ നയിക്കുന്ന ചീഫ് എക്സിക്യുട്ടീവ് കാരി ലാമിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നാണ് ചൈനീസ് സർക്കാരിന്റെ ഹോങ്‌ കോങ്, മക്കാവു എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഓഫീസിന്റെ വക്താവ് യാങ് ഗ്വാങ് പത്രസമ്മേളനത്തിൽ പറഞ്ഞത്.

കാരി ലാം കൊണ്ടുവന്ന, കുറ്റവാളികളെ ചൈന അടക്കമുള്ള രാജ്യങ്ങളിലേക്ക് വിചാരണയ്ക്ക് കൈമാറാനുള്ള ബില്ലിനെച്ചൊല്ലി ജൂണിലാണ് ഹോങ്‌ കോങ്ങിൽ ജനകീയപ്രക്ഷോഭം തുടങ്ങിയത്. അതുപിന്നീട് കൂടുതൽ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമായി. പോലീസും പ്രതിഷേധക്കാരുമായി പലയിടത്തും ഏറ്റുമുട്ടി. ഒട്ടേറേപ്പേർക്ക് പരിക്കേറ്റു. നൂറുകണക്കിനുപേർ അറസ്റ്റിലുമായി.

ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അധികാരമേഖലയാണ് ഹോങ്‌ കോങ്. 1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്നു. 1997-ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറി. അതിനുശേഷം ചൈനീസ് ഭരണത്തിനുനേരെ നഗരം കാണുന്ന ഏറ്റവുംവലിയ പ്രതിഷേധമാണ് ഇപ്പോഴത്തേത്.

Content Highlights: Hong Kong protests