ഹോങ്‌കോങ്: കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്ന നിയമം നടപ്പാക്കില്ലെന്ന് ഹോങ്‌കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം. ഇതോടെ ഒരുമാസത്തോളമായി രാജ്യത്ത് തുടരുന്ന ജനകീയപ്രതിഷേധം ഫലംകാണുകയാണ്.

അന്താരാഷ്ട്ര സാമ്പത്തികതലസ്ഥാനം നാളിതുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്കാണ് കഴിഞ്ഞയാഴ്ചകൾ സാക്ഷ്യംവഹിച്ചത്. പലയിടത്തും അക്രമങ്ങൾ അരങ്ങേറി. ഒരുവേള പാർലമെന്റുപോലും പ്രതിഷേധക്കാർ കൈയടക്കി. പോലീസും പ്രതിഷേധക്കാരുമായി ഒട്ടേറെതവണ സംഘർഷവുമുണ്ടായി. 1997-ൽ ചൈനയുടെ അർധസ്വയംഭരണപ്രദേശമായതിനുശേഷം കണ്ട ഏറ്റവുംവലിയ പ്രതിഷേധമായിരുന്നു ഇത്.

ഉടമ്പടി ഒപ്പുവെക്കാത്ത രാജ്യങ്ങൾക്കും വിചാരണയ്ക്കായി കുറ്റവാളികളെ വിട്ടുനൽകാനുള്ള ചൈനീസ് അനുകൂല ഭരണാധികാരി കാരി ലാമിന്റെ കരടുബില്ലിനെതിരേയാണ് ജനം ഒന്നിച്ചത്. കുറ്റവാളികളെ കൈമാറിയാൽ ചൈനയിലെ വിചാരണ സുതാര്യവും നീതിയുക്തവുമാവില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ബിൽ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൊവ്വാഴ്ചയാണ് കാരി ലാം സമ്മതിച്ചത്. ‘‘ബിൽ ഇനിയില്ല. പാർലമെന്റിൽ ഇനി അവതരിപ്പിക്കുകയുമില്ല’’ -വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.

എന്നാൽ, ബിൽ പൂർണമായും പിൻവലിക്കില്ലെന്ന് നേരത്തേ നിലപാട് സ്വീകരിച്ചിരുന്ന കാരി ലാമിന്റെ ഉറപ്പ് പ്രതിഷേധക്കാർ പൂർണമായും ഉൾക്കൊണ്ടിട്ടില്ല. ലാം വീണ്ടും നുണപറയുകയാണെന്നാണ് പ്രമുഖ ജനാധിപത്യ പ്രവർത്തകൻ ജോഷ്വ വോങ് പ്രതികരിച്ചത്. അടുത്ത ജൂലായ് വരെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാകുമെന്നും വോങ് പറയുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിവിൽ ഹ്യുമൻ റൈറ്റ്സ് ഫ്രണ്ട് നേതാക്കളും പറഞ്ഞു. കഴിഞ്ഞദിവസവും കലാപവിരുദ്ധസേനയും സർക്കാർവിരുദ്ധപ്രക്ഷോഭകരും ഹോങ്‌കോങ്ങിൽ ഏറ്റുമുട്ടിയിരുന്നു. നിരവധി പ്രക്ഷോഭകർ അറസ്റ്റിലാവുകയുംചെയ്തു.

Content Highlights: Hong Kong, Protests