ഹോങ്‌കോങ്: വിവാദമായ കുറ്റവാളി കൈമാറ്റബിൽ റദ്ദാക്കിയിട്ടും ജനങ്ങളുടെ പ്രതിഷേധമടങ്ങാതെ ഹോങ്‌കോങ്. ഭരണാധികാരിയായ ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെക്കണമെന്നും അറസ്റ്റിലായ പ്രതിഷേധക്കാരെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങൾ വെള്ളിയാഴ്ച രാജ്യത്തെ പോലീസ് ആസ്ഥാനം വളഞ്ഞു.

സമാധാനപരമായി പിരിഞ്ഞുപോവണമെന്നും റോഡുതടഞ്ഞുള്ള പ്രതിഷേധം അവശ്യസർവീസുകളെ ബാധിക്കുമെന്നും പോലീസ് അഭ്യർഥിച്ചതിനെത്തുടർന്നാണ് പ്രതിഷേധക്കാർ മടങ്ങിയത്.

കുറ്റവാളികളെ കൈമാറാൻ ഹോങ്‌കോങ്ങുമായി ഉടമ്പടി ഒപ്പുവെക്കാത്ത രാജ്യങ്ങൾക്കും അവരെ വിചാരണയ്ക്കായി വിട്ടുനൽകാൻ നിർദേശിക്കുന്ന ബിൽ ഭരണകൂടം മുന്നോട്ടുവെച്ചതാണ് ഒരാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് തുടക്കം. ഈ രാജ്യങ്ങളിൽ ഹോങ്‌കോങ്ങിൽ അധികാരം പുലർത്തുന്ന ചൈനയും ഉൾപ്പെടുന്നുണ്ട്. 1997-ൽ ചൈനയുടെ അർധസ്വയംഭരണപ്രദേശമായതിനുശേഷം ഹോങ്‌കോങ്ങിൽ കണ്ട ഏറ്റവുംവലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. പലദിവസവും പ്രകടനം അക്രമാസക്തവുമായി.

Content Highlights: Hong Kong, Protests