ഹോങ്‌ കോങ്: കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേ ആഗോള നിക്ഷേപകേന്ദ്രമായ ഹോങ്‌ കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭം ആറുമാസം പിന്നിട്ടു. ഓഗസ്റ്റിനുശേഷം ജനാധിപത്യവാദികൾ ഇതാദ്യമായി പോലീസ് അനുമതിയോടെ നടത്തിയ പ്രതിഷേധ റാലിയിൽ കഴിഞ്ഞദിവസം പതിനായിരങ്ങളാണ് അണിചേർന്നത്.

റാലിക്കുതൊട്ടുമുന്പ് നടത്തിയ പരിശോധനയിൽ 11 പേരെ അറസ്റ്റുചെയ്തതായും തോക്ക്, കത്തി, പടക്കം എന്നിവ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇതാദ്യമായാണ് പ്രതിഷേധക്കാരിൽനിന്ന് തോക്ക് പിടിച്ചെടുക്കുന്നതെന്നും പോലീസ് അറിയിച്ചു.

വിവാദ ബില്ലിനെതിരേ ജൂണിലാണ് ചൈനയുടെ അർധ സ്വയംഭരണ മേഖലയായ ഹോങ്‌ കോങ്ങിൽ ജനം തെരുവിലിറങ്ങിയത്. ചൈനയുടെ പിന്തുണയോടെ ഭരണംനടത്തുന്ന ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാരി ലാം പ്രതിഷേധങ്ങളെ തുടർന്ന് ബിൽ പിൻവലിച്ചെങ്കിലും കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ട് സമരം കൂടുതൽ ശക്തിപ്പെടുകയായിരുന്നു.

പ്രതിഷേധക്കാരെ ശക്തമായി വിമർശിച്ച് കടുത്ത ഭീഷണിയുമായി ചൈന രംഗത്തെത്തിയിട്ടും ജനം വഴങ്ങിയില്ല. യു.എസ്. ആകട്ടെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന ബിൽ പാസാക്കി സമരത്തിന് പിന്തുണനൽകുന്ന നയം സ്വീകരിക്കുകയും ചെയ്തു. ‘സ്വാതന്ത്ര്യത്തിനായി മരിക്കുംവരെ സമരം ചെയ്യു’മെന്നാണ് 40 കാരിയായ ഒരു വീട്ടമ്മ പ്രതികരിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളും വിമർശനവും കേൾക്കാൻ തയ്യാറാണെന്നും ശാന്തരായിരിക്കണമെന്നും ശനിയാഴ്ച ഹോങ്‌ കോങ് സർക്കാർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചിരുന്നു.

പ്രതിഷേധക്കാർക്കുനേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കുക, അറസ്റ്റുചെയ്തവർക്ക് മാപ്പുനൽകുക, സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്തുക തുടങ്ങി തങ്ങൾ ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിനുള്ള അവസാന അവസരമെന്നാണ് റാലി നേതാക്കൾ ഞായറാഴ്ച പ്രതികരിച്ചത്. ആദ്യദിനങ്ങളിൽ അക്രമാസക്തമായിരുന്ന റാലികൾ കഴിഞ്ഞമാസം നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ വൻവിജയം നേടിയതോടെ ശാന്തമാണ്.

* 1997 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്‌ കോങ് ഇപ്പോൾ ചൈനയുടെ അർധസ്വയംഭരണ പ്രദേശം. എന്നാൽ, ജനങ്ങൾക്ക് കൂടുതൽ അധികാരമുണ്ട്.

* ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് തടവുകാരെ വിചാരണയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരേ ജൂണിൽ പ്രതിഷേധം ആരംഭിച്ചു

* സെപ്റ്റംബറിൽ ബിൽ പിൻവലിച്ചിട്ടും പ്രതിഷേധം തുടർന്നു

* ഇതുവരെ അറസ്റ്റിലായത് 6000-ത്തോളം പേർ. നൂറുകണക്കിനുപേർക്ക് പരിക്കേറ്റു.

Hong Kong protesters stage biggest march