hong kong protest
ഹോങ് കോങ്ങില്‍ മരിച്ച വിദ്യാര്‍ഥി അലക്‌സ് ചോയ്ക്ക് ശാസ്ത്ര സാങ്കേതിക
സര്‍വകാശാലയില്‍ നടന്ന ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന സഹപാഠി.

ഹോങ് കോങ്: പ്രതിഷേധത്തിനിടെ വീണുപരിക്കേറ്റ സർവകലാശാല വിദ്യാർഥി മരിച്ചതോടെ ഹോങ് കോങ്ങിൽ വീണ്ടും അക്രമം. തിങ്കളാഴ്ച പോലീസിന്റെ കണ്ണീർവാതകപ്രയോഗത്തിനിടെ കാർ ഗാരേജിൽനിന്ന് വീണുപരിക്കേറ്റ അലക്സ് ചോ എന്ന 22-കാരനാണ് വെള്ളിയാഴ്ച മരിച്ചത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ ചോ ഒരാഴ്ചയായി കോമായിലായിരുന്നു.

ചോയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരത്തിലേറെപ്പേർ വെള്ളിയാഴ്ച മുഖംമൂടി ധരിച്ച് ഹോങ് കോങ് നഗരത്തിൽ പ്രകടനം നടത്തി. മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹോങ് കോങ് ശാസ്ത്ര-സാങ്കേതിക സർവകലാശാലാ വിദ്യാർഥികളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷണലും ആവശ്യപ്പെട്ടു.

അതേസമയം, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കുകമാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അഞ്ചുമാസമായി തുടരുന്ന പ്രക്ഷോഭത്തിൽ പോലീസിനുമേൽ കൂടുതൽ സമ്മർദമേൽപ്പിക്കുന്നതാണ് ചോയുടെ മരണം. ഇക്കാര്യത്തിൽ ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല.

content highlights: hong kong protest turns violent