ഹോങ്‌ കോങ്: ഹോങ്‌ കോങ്ങിലെ ജനാധിപത്യപ്രക്ഷോഭത്തിന് ശക്തിയേറുന്നു. ശനിയാഴ്ച ക്വുൻ ടോങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയുംചെയ്തു.

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദബില്ലിനെത്തുടർന്നുണ്ടായ പ്രക്ഷോഭം 12 ആഴ്ചകൾക്കുശേഷവും പരിഹാരമില്ലാതെ തുടരുകയാണ്. ഹോങ്‌ കോങ്ങിനെ ചൈനയിൽനിന്ന്‌ പൂർണമായി സ്വതന്ത്രമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

സമാധാനപരമായാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും പിന്നീട് അക്രമാസക്തമായി. പ്രക്ഷോഭകർ കല്ലും കുപ്പിയും വലിച്ചെറിഞ്ഞതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഏതാനുംപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന മോചിപ്പിച്ചു

ചൈന തടവിലാക്കിയ ഹോങ്‌ കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ മോചിപ്പിച്ചു. സിമോൺ ചെങ് എന്നയാളെയായിരുന്നു പൊതുസുരക്ഷാനിയമം ലംഘിച്ചെന്നാരോപിച്ച് ചൈന അറസ്റ്റുചെയ്തിരുന്നത്. ഓഗസ്റ്റ് എട്ടിനാണ് ചൈന-ഹോങ്‌ കോങ് അതിർത്തിയിൽനിന്ന് ചെങ്ങിനെ കാണാതായത്. 15 ദിവസം ഇയാളെ തടവിൽവെച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Content Highlights: Hong Kong protest: Police fires tear gas against protesters