ഹോങ്‌കോങ്: കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക്‌ വിട്ടുനൽകാൻ നിർദേശിക്കുന്ന നിയമത്തിൽ ഹോങ്‍കോങ്ങിൽ ശക്തമായ പ്രതിഷേധം. ഹോങ്‌കോങ് തെരുവുകളിൽ ഞായറാഴ്ച ഏഴുമണിക്കൂറോളംനടന്ന പ്രതിഷേധത്തിൽ പത്തുലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. 1997-ൽ ചൈനയുടെ അർധസ്വയംഭരണപ്രദേശമായതിനുശേഷം ഹോങ്‍കോങ്ങിൽ നടക്കുന്ന ഏറ്റവുംവലിയ പ്രതിഷേധമായിരുന്നു ഞായറാഴ്ചത്തേത്. 10,30,000 പേർ റാലിയിൽ പങ്കെടുത്തുവെന്ന് സംഘാടകർ അവകാശപ്പെട്ടു.

ഹോങ്‌കോങ്ങുമായി കുറ്റവാളികളെ കൈമാറൽ ഉടമ്പടി ഒപ്പുവെക്കാത്ത രാജ്യങ്ങൾക്കും കുറ്റവാളികളെ വിട്ടുനൽകാൻ നിർദേശിക്കുന്ന ബിൽ ഹോങ്‍കോങ് ഭരണകൂടം മുന്നോട്ടുവെച്ചതാണ് പ്രതിഷേധങ്ങൾക്ക്‌ തുടക്കം. ഈരാജ്യങ്ങളിൽ ഹോങ്‍കോങ്ങിൽ അധികാരം പുലർത്തുന്ന ചൈനയും ഉൾപ്പെടുന്നുവെന്നതാണ് പ്രധാനപ്രശ്നം. കുറ്റവാളികളെ ചൈനയ്ക്ക്‌ കൈമാറിയാൽ രാഷ്ട്രീയാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആ രാജ്യത്തെ കോടതിസംവിധാനത്തിനുള്ളിൽ വിചാരണ നീതിയുക്തവും സുതാര്യവുമായിരിക്കില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

‘പൈശാചികനിയമം റദ്ദാക്കുക’, ‘ഹോങ്‍കോങ്ങിൽനിന്ന് ചൈന പിന്മാറുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ റാലിക്കെത്തിയത്.

അതേസമയം, ബിൽ പിൻവലിക്കില്ലെന്നും നിയമനിർമാണനടപടിയുമായി മുന്നോട്ടുപോകുമെന്നും ഹോങ്‍കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ചൈനയോട് ആഭിമുഖ്യംപുലർത്തുന്ന നേതാവാണ് കാരി. കാരിയുടെ പ്രസ്താവനയോടെ മേഖലയിൽ പ്രക്ഷോഭം വീണ്ടും ശക്തമാകാനുള്ള സാഹചര്യമൊരുങ്ങി.

ബിൽ പിൻവലിച്ച് കാരി ലാം രാജിവെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്നനേതാവ് ജെയിംസ് ആവശ്യപ്പെട്ടു. ഹോങ്‍കോങ് ജനത മുഴുവൻ കാരിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരേ ലണ്ടൻ, സിഡ്നി, ന്യൂയോർക്ക്, ഷിക്കാഗോ എന്നീ നഗരങ്ങളിലും ഞായറാഴ്ച പ്രതിഷേധറാലി നടന്നു.

ഹോങ്‍കോങ്ങും ചൈനയും

1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്‍കോങ്ങിനെ 1997-ലാണ് ബ്രിട്ടൻ ചൈനയ്ക്ക്‌ കൈമാറിയത്. എന്നാൽ, ബ്രിട്ടനും ചൈനയുമായി ഒപ്പുവെച്ച കരാർ 2047 വരെ (50 വർഷത്തേക്ക്) ഹോങ്‍കോങ്ങിന് സ്വന്തം സാമൂഹിക, നിയമ, രാഷ്ട്രീയ സംവിധാനമനുസരിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുന്നു.

Content Highlights: Hong Kong, Protest