ഹോങ്‌കോങ്: കുറ്റവാളി കൈമാറ്റബില്ലിനെതിരേയുള്ള നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ജനങ്ങളുടെ എതിർപ്പും ആശങ്കകളും മാനിച്ച് ബില്ലുമായി മുന്നോട്ടുപോവില്ലെന്ന് ഹോങ്‌കോങ് ഭരണാധികാരി കാരി ലാം. ബിൽ പാസാക്കാനുള്ള നിർബന്ധിതശ്രമങ്ങളുടെ പേരിൽ ഹോങ്‌കോങ് ജനതയോട് മാപ്പുപറഞ്ഞ അവർ, ബിൽ പിൻവലിക്കാനോ രാജിവെക്കാനോ തയ്യാറായില്ല.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്‌കോങ് 1997 മുതൽ ചൈനയുടെ അധീനതയിലുള്ള അർധ സ്വയംഭരണ മേഖലയാണ്. ബിൽ മേഖലയുടെ സ്വാതന്ത്ര്യത്തിന്റെമേലുള്ള ചൈനീസ് കടന്നുകയറ്റമാകുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച ബിൽ താത്കാലികമായി റദ്ദാക്കിയിരുന്നെങ്കിലും പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു. ബിൽ പൂർണമായി പിൻവലിക്കുക, ലാം രാജിവെക്കുക, എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളെന്നിരിക്കേ ലാങ്ങിന്റെ ഖേദപ്രപകടനം വലിയ പ്രതിഫലനങ്ങളുണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Content Highlights: Hong Kong, extradition bill