ഹോങ്‍കോങ്: വിവാദമായ ‘കുറ്റവാളികൈമാറ്റ ബിൽ’ ഹോങ്‌കോങ് ഭരണകൂടം റദ്ദാക്കി. ബില്ലിനുനേരെ രാജ്യത്ത് ഒരാഴ്ചയായി നടക്കുന്ന പ്രക്ഷോഭത്തെത്തുടർന്നാണ് തീരുമാനം. ബിൽ റദ്ദാക്കണമെന്നും ഭരണകൂടം പുനർവിചിന്തനം നടത്തണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം മാനിക്കുന്നുവെന്ന് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ബിൽ പിൻവലിക്കില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു നേരത്തേ അധികൃതർ.

‘‘ബില്ലിനെക്കുറിച്ച് ജനങ്ങൾക്ക് നൽ‍കിയ വിശദീകരണവും മറ്റുവിവരങ്ങളും വേണ്ട രീതിയിലായിരുന്നില്ല. അതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുന്നു. ബില്ലുകൊണ്ട് ലക്ഷ്യമിട്ടത് ഹോങ്‌കോങ്ങിന്റെ താത്‌പര്യം സംരക്ഷിക്കുകയെന്നതായിരുന്നു. അടുത്ത നടപടിയെന്തെന്ന് തീരുമാനിച്ചിട്ടില്ല’’ -ലാം പറഞ്ഞു.

അതേസമയം, ലാം ചീഫ് എക്സിക്യുട്ടീവ് സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലാം രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ട് എന്ന സംഘടനയുടെ നേതാവ് ജിമ്മി ഷാം പറഞ്ഞു. ബിൽ പിൻവലിച്ച ഹോങ്‌കോങ്ങിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് ചൈന വ്യക്തമാക്കി.

1997-ലാണ് ബ്രിട്ടൻ ഹോങ്‌കോങ്ങിനെ ചൈനയ്ക്ക് കൈമാറിയത്. അതിനുശേഷംനടന്ന ഏറ്റവുംവലിയ രാഷ്ട്രീയപ്രക്ഷോഭമാണ് രാജ്യം കണ്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിഷേധറാലിയിൽ പത്തുലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. ബുധനാഴ്ച ഹോങ്‌കോങ് പാർലമെന്റിനുമുന്നിൽ പ്രതിഷേധം അക്രമാസക്തമാകുകയുംചെയ്തിരുന്നു.

വിവാദം

കുറ്റവാളികളെ കൈമാറാൻ ഹോങ്‌കോങ്ങുമായി ഉടമ്പടിയിലേർപ്പെടാത്ത ചൈന, മക്കാവു, തയ്‍വാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുറ്റവാളികളെ വിട്ടുകൊടുക്കാൻ അനുവദിക്കുന്നതാണ് ബിൽ. ഹോങ്‌കോങ് പൗരൻ തയ്‌വാനിൽവെച്ച് പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളെ തയ്‍വാന് വിട്ടുനൽകാൻ നിയമം അനുവദിക്കാത്തതിനെത്തുടർന്നാണ് പുതിയ ബില്ലവതരിപ്പിച്ചത്. എന്നാൽ, ചൈനയിൽ കോടതിസംവിധാനത്തിനുള്ളിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ബിൽ ഹോങ്‌കോങ്ങിൽ ചൈനയ്ക്ക് കൂടുതൽ ആധിപത്യം നൽകുമെന്നുമാരോപിച്ചുമാണ് പ്രക്ഷോഭം.

content highlights: Hong Kong Government suspends extradition bill