ഹോങ്‌കോങ്: പ്രക്ഷോഭങ്ങളിൽമുങ്ങി ഹോങ്‌കോങ്ങിലെ ക്രിസ്മസ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രതിഷേധറാലികളും പോലീസ് നടപടികളുംകൊണ്ട് സംഘർഷഭരിതമായി. ഒട്ടേറെപ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു.

ആഴ്ചകൾക്കുശേഷമാണ് നഗരംവീണ്ടും കലാപത്തിന്റെ പാതയിലേക്ക് വഴുതിവീഴുന്നത്. ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും നഗരത്തിലെ കച്ചവടകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. ക്രിസ്മസ് പിറ്റേന്നും പ്രതിഷേധം തുടർന്നു. എണ്ണത്തിൽ കുറവായിരുന്നെങ്കിലും അക്രമാസക്തരായ ജനങ്ങളെ നേരിടാൻ ശക്തരായ പോലീസ് സംഘത്തെത്തന്നെ നിയോഗിച്ചിരുന്നു.

പ്രതിഷേധക്കാർക്കുനേരെ പോലീസ് ഒട്ടേറെത്തവണ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. അതിക്രൂരമായാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടതെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, പെട്രോൾ ബോംബ് ഉപയോഗിച്ച് പോലീസിനെ ജനക്കൂട്ടം ആക്രമിച്ചപ്പോഴാണ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതെന്ന് ഹോങ്‌കോങ് ഭരണകൂടം പറഞ്ഞു.

നഗരത്തിന്റെ ക്രിസ്മസ് ആഘോഷം പ്രതിഷേധക്കാർ ഇല്ലാതാക്കിയതായി ചൈനയുടെ പിന്തുണയോടെ നഗരം ഭരിക്കുന്ന ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ക്രിസ്മസ് ആഘോഷിക്കാൻ എല്ലാതവണയും ആയിരക്കണക്കിന് സഞ്ചാരികളാണ് നഗരത്തിലെത്താറുള്ളത്. പ്രതിഷേധക്കാർ അവരെയെല്ലാം നിരാശരാക്കിയെന്നും കാരി ലാം കുറ്റപ്പെടുത്തി.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് വിട്ടുനൽകാനുള്ള ബില്ലിനുനേരെയാണ് ഹോങ്‌കോങ്ങിൽ എട്ടുമാസംമുമ്പ് പ്രക്ഷോഭം ആരംഭിച്ചത്. പ്രസ്തുത ബിൽ അധികൃതർ പിൻവലിച്ചെങ്കിലും അറസ്റ്റിലായവരെ വിട്ടയക്കണമെന്നും കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും പ്രക്ഷോഭം തുടർന്നു. ക്രിസ്മസ് ദിനത്തിലും അതിനു ശമനമില്ലാത്തത് അടുത്തവർഷവും നഗരം കലാപങ്ങളിൽ മുങ്ങുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

Content Highlights: Hong Kong Christmas