ബെയ്ജിങ്: ഹോങ്‌ കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുമാത്രമാണെന്ന് ആവർത്തിച്ച് ചൈന. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ മുഖംമൂടി ധരിക്കുന്നത് നിരോധിച്ച സർക്കാർനടപടി റദ്ദാക്കിയ ഹോങ്‌ കോങ് ഹൈക്കോടതിയുടെ വിധിയെയും ചൈന വിമർശിച്ചു.

ലോകത്തെ പ്രധാന നിക്ഷേപകേന്ദ്രമായ ഹോങ്‌ കോങ്ങിന്റെ പരമാധികാരത്തിൽ ചൈന കൈകടത്തുന്നതിൽ നഗരത്തിൽ മാസങ്ങളായി പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. ഇതിനുനേരെ പ്രതിഷേധക്കാർ രംഗത്തെത്തി.

കുറ്റവാളികളെ ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് വിചാരണയ്ക്ക് കൈമാറാനുള്ള ഭരണാധികാരി കാരി ലാമിന്റെ വിവാദ തീരുമാനമാണ് മാസങ്ങൾക്കുമുമ്പ് ഹോങ്‌ കോങ്ങിനെ പ്രക്ഷുബ്ധമാക്കിയത്. വിവാദബിൽ പിൻവലിച്ചിട്ടും പ്രക്ഷോഭത്തിന് ശമനമായില്ല. കൂടുതൽ അവകാശങ്ങൾ വേണമെന്നാണ് ഇപ്പോൾ ആവശ്യം. പലപ്പോഴും അക്രമാസക്തമായ പ്രക്ഷോഭം പോലീസ് വെടിവെപ്പിലാണ് കലാശിച്ചിരുന്നത്. തുടർന്ന് ഒക്ടോബറിലാണ് പ്രതിഷേധക്കാർ മുഖംമൂടി ധരിക്കുന്നത് സർക്കാർ വിലക്കിയത്.

മുഖംമൂടി ധരിക്കുന്നത് വിലക്കിയ സർക്കാർ തീരുമാനം ഭരണഘടനാ ലംഘനമാണെന്നാണ് കോടതി പറഞ്ഞത്. എന്നാൽ, പ്രത്യേക ഭരണപ്രദേശത്തിന്റെ ഭരണഘടനാപരമായ അവകാശം തങ്ങൾക്കുമാത്രമാണെന്നാണ് ചൈന പറയുന്നത്. പ്രക്ഷോഭം തുടരുന്നതിൽ യു.എസും ആശങ്ക രേഖപ്പെടുത്തി.

അതേസമയം, ഹോങ്‌ കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ മൂന്നുദിവസംമുന്പ് തമ്പടിച്ച നൂറോളം പ്രക്ഷോഭകരെ പോലീസ് വളഞ്ഞിരിക്കയാണ്. ഇവരെ പുറത്തുകടക്കാൻ അനുവദിക്കാതെ കണ്ണീർവാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിക്കുകയാണ്. സർവകലാശാലയിലേക്ക് പോലീസ് കയറിയാൽ ഉണ്ടായേക്കാവുന്ന വലിയ സംഘർഷം ഭയന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ വിദ്യാർഥികൾ കീഴടങ്ങണമെന്ന് ഹോങ്‌ കോങ് മുഖ്യ ഭരണാധികാരി കാരി ലാം ആവശ്യപ്പെട്ടു.

Content Highlights: Hong Kong China Beijing