ഹോങ്‌കോങ്: പ്രക്ഷോഭത്തെത്തുടർന്ന് രണ്ടുദിവസം പ്രവർത്തനം തടസ്സപ്പെട്ട ഹോങ്‌കോങ് വിമാനത്താവളം ബുധനാഴ്ച തുറന്നു. ചൈനയിൽനിന്ന് പൂർണസ്വാതന്ത്ര്യമാവശ്യപ്പെട്ട് ജനാധിപത്യവാദികൾ വിമാനത്താവളം ഉപരോധിച്ചതിനെത്തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നൂറുകണക്കിന് വിമാനസർവീസുകളാണ് ഹോങ്‌കോങ് റദ്ദാക്കിയത്.

ഉപരോധം ചൊവ്വാഴ്ച അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാർ ഒരു സന്ദർശകനെയും മാധ്യമപ്രവർത്തകനെയും കൈയേറ്റംചെയ്തതായി പോലീസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. ഇതോടെ കുറ്റവാളിക്കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് ജൂണിലാരംഭിച്ച സമരത്തിൽ അറസ്റ്റിലായവരുടെ എണ്ണം 600 കടന്നു.

സ്ഥിതി ശാന്തമായതോടെ ബുധനാഴ്ച സർവീസുകൾ പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ പറഞ്ഞു. പ്രതിഷേധത്തിനായി അനുവദിച്ചിട്ടുള്ളയിടങ്ങളിലല്ലാതെ സമരം നടത്തരുതെന്നും അധികൃതർ സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കുകയുംചെയ്തു. നേരത്തേ അയ്യായിരത്തോളം പ്രതിഷേധക്കാരുണ്ടായിരുന്ന വിമാനത്താവളത്തിൽ ഇപ്പോൾ മുപ്പതോളംപേർ മാത്രമാണുള്ളത്.

അതിനിടെ ഹോങ്‌കോങ്ങിൽ പ്രക്ഷോഭം നടത്തുന്നവർ ഭീകരവാദികളെപ്പോലെ പെരുമാറുന്നുവെന്ന് ചൈന ആരോപിച്ചു. ഇത്തരം സംഭവങ്ങളെ അപലപിക്കുന്നുവെന്നും ഹോങ്‌കോങ്, മക്കാവു വിഷയങ്ങളിലെ ചൈനീസ് വക്താവ് ഷു ലുയിങ് പറഞ്ഞു.

Content Highlights: Hong Kong airport reopened