ഹോങ് കോങ്: പൊതുസ്ഥലങ്ങളിൽ മുഖംമറയ്ക്കുന്നത് നിരോധിച്ച് ഹോങ് കോങ്ങിൽ ഭരണാധികാരി കാരി ലാം ഉത്തരവിറക്കിയതിനുപിന്നാലെ നഗരത്തിൽ ജനാധിപത്യപ്രക്ഷോഭം ശക്തമായി. മുഖാവരണ നിരോധനം ശനിയാഴ്ച നിലവിൽവരും. ബ്രിട്ടീഷ് ഭരണകാലത്തെ അടിയന്തരാവസ്ഥ നിയന്ത്രണ ഓർഡിനൻസ് അനുസരിച്ചാണ് നിരോധനം പ്രഖ്യാപിച്ചത്.

അനുമതിയുള്ളതും അല്ലാത്തതുമായ റാലികളും മാർച്ചുകളുമുൾപ്പെടെ എല്ലാ പൊതുസമ്മേളനങ്ങൾക്കും വിലക്ക് ബാധകമായിരിക്കുമെന്ന് സുരക്ഷാസെക്രട്ടറി ജോൺ ലീ പറഞ്ഞു. നിയമവിരുദ്ധമായി നടത്തുന്ന പ്രക്ഷോഭങ്ങൾക്കും ഇത് ബാധകമാണ്.

മുഖംമൂടികളോ പെയിന്റ് ഉപയോഗിച്ച് മുഖംമറയ്ക്കുന്ന രീതിയോ അനുവദിക്കില്ല. എന്നാൽ, ആരോഗ്യകാരണങ്ങളാലോ തൊഴിൽപരമായോ മുഖാവരണം ധരിക്കുന്നതിൽ വിലക്കില്ല. മാസങ്ങളായി തുടരുന്ന പ്രക്ഷോഭം നഗരത്തെ നശിപ്പിക്കുന്ന തലത്തിൽ എത്തിയതിനെത്തുടർന്നാണ് വിലക്കേർപ്പെടുത്തുന്നതെന്ന് കാരി ലാം പറഞ്ഞു. ഭരണകൂടത്തിന്റെ നടപടിയെ ചൈനയും പിന്തുണച്ചു. എന്നാൽ, സമരം അടിച്ചമർത്താനായി ഹോങ് കോങ് ഭരണകൂടം പ്രയോഗിക്കാനിരിക്കുന്ന നിർദയനടപടികളിൽ ആദ്യത്തേതാണ് മുഖാവരണവിലക്കെന്ന് നിരീക്ഷകർ മുന്നറിയിപ്പുനൽകി.

അടിയന്തരാവസ്ഥ നിയന്ത്രണ ഓർഡിനൻസ്

ഹോങ് കോങ് ബ്രിട്ടീഷ് അധീനതയിലായിരുന്ന കാലത്ത് 1922-ൽ പാസാക്കിയതാണ് അടിയന്തരാവസ്ഥ നിയന്ത്രണ ഓർഡിനൻസ് (ഇ.ആർ.ഒ.). നിയമങ്ങൾ പാസാകാൻ പാർലമെന്റിന്റെയും ലെജിസ്ലേറ്റീവ് അസംബ്ലിയുടെയും അനുമതിവേണമെന്ന സാധാരണ നിയമനടപടികൾ ഒഴിവാക്കി ഉത്തരവുകളിറക്കാൻ ഓർഡിനൻസ് ഭരണാധികാരിക്ക് അധികാരം നൽകുന്നു. ഹോങ് കോങ്ങിൽ ഇതിനുമുമ്പ് 1967-ലാണ് ഇ.ആർ.ഒ. ഉപയോഗിച്ചത്.