ഹോങ്‌കോങ്: കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാനുള്ള ബില്ലിനുനേരേ ഹോങ്‌കോങ്ങിൽ ആരംഭിച്ച ജനകീയപ്രക്ഷോഭത്തിന് ശമനമില്ല. 1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്‌കോങ്ങിനെ 1997-ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയതിന്റെ 22-ാം വാർഷികദിനത്തിൽ പ്രതിഷേധക്കാർ വീണ്ടും തെരുവുകൾ കീഴടക്കി.

കനത്ത പോലീസ് കാവലിലാണ് ഹോങ്‌കോങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വാർഷികദിനത്തിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നത്. പ്രതിഷേധക്കാർ പ്രധാനപാതകളിലെല്ലാം തടസ്സം സൃഷ്ടിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ ഒട്ടേറെപേർക്ക് പരിക്കേറ്റു.

ഹോങ്‌കോങ് പാർലമെന്റിൻറെ സെൻട്രൽ ചേംബറിലേക്ക് ഇടിച്ചുകയറിയ പ്രതിഷേധക്കാർ മണിക്കൂറുകളോളം അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന്റെ ചില്ലുവാതിലുകൾ അതിക്രമത്തിൽ തകർന്നു. അകത്ത് ഇടിച്ചുകയറിയവർ ചുമരിൽ കറുത്ത പെയിന്റ്‌ അടിച്ചു.

പ്രതിഷേധക്കാരെ നേരിടാൻ നൂറുകണക്കിന് പ്രത്യേക പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ലാത്തിച്ചാർജ് നടത്തിയും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുമാണ് പോലീസ് പ്രകടനക്കാരെ ഒഴിപ്പിച്ചത്.

ഹോങ്‌കോങ്ങിൽ ചൈനയുടെ പിന്തുണയുള്ള മേഖലാ ഭരണാധികാരി കാരി ലാമിനുനേരെ മൂന്നാഴ്ചയിലധികമായി നടക്കുന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനുപേരാണ് തെരുവിലിറങ്ങുന്നത്. കുറ്റവാളികളെ വിചാരണയ്ക്ക് ചൈനയടക്കമുള്ള രാജ്യങ്ങൾക്ക്‌ കൈമാറാൻ കാരി ലാം കൊണ്ടുവന്ന ബിൽ പ്രതിഷേധങ്ങളെത്തുടർന്ന് പിൻവലിച്ചിരുന്നു. കാരി ലാം രാജിവെക്കണമെന്നാണ് ഇപ്പോൾ പ്രതിഷേധക്കാരുടെ ആവശ്യം. 2012-ൽ അധികാരമേറ്റശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയാണ് ഹോങ്‌കോങ് പ്രക്ഷോഭം.

Content Highlights: Hong Kong, Protests