ഹനോയി: നാല്പതുവർഷത്തിലേറെ അച്ഛനൊപ്പം വിയറ്റ്നാമിലെ കാട്ടിൽക്കഴിഞ്ഞ ‘യഥാർഥ ടാർസൻ’ എന്നറിയപ്പെട്ട ഹൊ വാൻ ലാങ് (53) അന്തരിച്ചു. ആധുനികജീവിതം തുടങ്ങി എട്ടുവർഷത്തിനുശേഷം അർബുദബാധയെത്തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.

1972-ൽ വിയറ്റ്‌നാം യുദ്ധസമയത്താണ് യു.എസിന്റെ ബോംബാക്രമണത്തിൽനിന്ന്‌ രക്ഷനേടാൻ ലാങ്ങുമായി പിതാവ് ഹൊ വാൻ തൻഹ് കാട്ടിലേക്കു ഓടിപ്പോയത്. ഭാര്യയും രണ്ടുമക്കളും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് കമ്യൂണിസ്റ്റ് പട്ടാളക്കാരനായിരുന്ന തൻഹ് കാടുകയറിയത്. രണ്ടുവയസ്സായിരുന്നു അന്നു ലാങ്ങിന്റെ പ്രായം.

41 വർഷത്തോളം ഇരുവരും കുവാങ് ങായി പ്രവിശ്യയിലെ തായ് തരാ ജില്ലയിലെ കൊടുംകാട്ടിൽ കഴിഞ്ഞു. കാട്ടിൽനിന്ന് കനികളും കാട്ടുമൃഗങ്ങളെയും ഭക്ഷണമാക്കി, സ്വന്തമായി കുടിലൊരുക്കിയുമായിരുന്നു ജീവിതം. മനുഷ്യരെ കണ്ടാൽ ഇവർ ഓടിയൊളിക്കുമായിരുന്നു.

ഒടുവിൽ 2013-ൽ പ്രായാധിക്യത്താൽ ചികിത്സയ്ക്കായി നാടുകയറാൻ തൻഹ് നിർബന്ധിതനായി. അധികൃതർ മുൻകൈയെടുത്ത് ഇവരെ നാട്ടിലെത്തിച്ചു. അപ്പോഴും വിയറ്റ്‌നാം യുദ്ധം കഴിഞ്ഞിരുന്നില്ലെന്നാണ് തൻഹ് വിശ്വസിച്ചിരുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൻഹ് 2017-ൽ മരിച്ചു.

അച്ഛൻറെ മരണശേഷം ലാങ് പൂർണമായും ആധുനികമനുഷ്യനായി. എന്നാൽ, ഇതോെട അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. പിന്നീട് അർബുദം സ്ഥിരീകരിക്കുകയായിരുന്നു. പരിഷ്കൃതലോകത്തെ ഭക്ഷണവും ജീവിതരീതികളും അദ്ദേഹത്തിന്റെ ശരീരത്തിൽ വരുത്തിയ മാറ്റമാണ് രോഗമുണ്ടാക്കിയതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.