പാരീസ്: നിരന്തരമായ പ്രതിരോധപ്രവർത്തനംമൂലം ലോകത്ത് എച്ച്.ഐ.വി.ബാധ കുറയുന്നു. ഇതുമായി ബന്ധപ്പെട്ട മരണം 2010-ലേതിനെ അപേക്ഷിച്ച് 33 ശതമാനം കുറഞ്ഞു. അതേസമയം, വൈറസ് ബാധ തുടച്ചുനീക്കാൻ ആഗോളതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ അഭാവവുമുണ്ട്. ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.

പോയവർഷം 7,70,000 പേരാണ് എച്ച്.ഐ.വി.മൂലം മരിച്ചത്. 2017-ൽ ഇത് എട്ടുലക്ഷമായിരുന്നു. 2018-ൽ 10 ലക്ഷം പേർക്ക് രോഗം ബാധിച്ചു. ഇതിൽ 1.6 ലക്ഷം കുട്ടികളാണ്. 2010-നെ അപേക്ഷിച്ച് എച്ച്.ഐ.വി.ബാധ 16 ശതമാനം കുറഞ്ഞിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഊർജിതമായ പ്രതിരോധപ്രവർത്തനങ്ങളാണ് ഇതിനുസഹായമായത്.

ലോകത്ത് ഇപ്പോൾ 3.7 കോടി എച്ച്.ഐ.വി. ബാധിതരുണ്ട്. ഇതിൽ 2.3 കോടിപേർക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ട്. 2010-ൽ 10 ലക്ഷത്തിലധികം പേരാണ് എച്ച്.ഐ.വി. ബാധിച്ച് മരിച്ചത്.

ദശാബ്ദത്തിനിടെ ആഫ്രിക്കയിൽ എച്ച്.ഐ.വി.ബാധയുമായി ബന്ധപ്പെട്ട മരണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. വൈറസ് ഏറ്റവുംവേഗം പടർന്നത് ആഫ്രിക്കൻ രാജ്യങ്ങളിലായിരുന്നു. എന്നാൽ കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ മരണം ചെറിയതോതിൽ വർധിക്കുകയും ചെയ്തു.

ലോകത്തുനിന്ന് എച്ച്.ഐ.വി.ബാധ തുടച്ചുനീക്കാൻ ശക്തമായ രാഷ്ട്രീയനേതൃത്വം ഉണ്ടാവണമെന്ന് ജോയന്റ് യുണൈറ്റഡ് നാഷൻസ് പ്രോഗ്രാം ഓൺ എച്ച്.ഐ.വി. ആൻഡ് എയ്ഡ്സ് (യു.എൻ.എ.ഐ.ഡി.എസ്.) എക്സിക്യുട്ടീവ് ഡയറക്ടർ ഗനില കാൾസൺ ആവശ്യപ്പെട്ടു. രോഗം പടരാതെ ശ്രദ്ധിക്കുകതന്നെയാണ് ഏറ്റവുംനല്ല പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.

1980-കളിൽ പടർന്നുപിടിച്ച, എട്ടുകോടിയോളം പേരെ ബാധിച്ച, മൂന്നരക്കോടി ജനങ്ങളുടെ ജീവനെടുത്ത ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസിന് (എച്ച്.ഐ.വി.) ദശാബ്ദങ്ങൾനീണ്ട ഗവേഷണങ്ങൾക്കൊടുവിലും കൃത്യമായ മരുന്ന് കണ്ടെത്താനായിട്ടില്ല. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും കൂട്ടായുള്ള മയക്കുമരുന്ന് ഉപയോഗത്തിലൂടെയുമാണ് വൈറസ് പടരുന്നത്.

പോയവർഷം 1900 കോടി രൂപയാണ് ലോകത്ത് എച്ച്.ഐ.വി. പ്രതിരോധത്തിനായി മാറ്റിവെച്ചത്. 2020-ൽ 2620 കോടിരൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Content Highlights: hiv related death rate down