വാഷിങ്ടൺ: ലോകത്ത് 3.7 കോടിയോളം ആളുകളെ ബാധിച്ച എച്ച്.ഐ.വി.ക്ക് മരുന്നുകണ്ടെത്താൻ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിലവിൽ ഉപയോഗിക്കുന്ന മരുന്നിന് ൈവറസ് പെരുകുന്നതു കുറയ്ക്കാനേ സാധിക്കൂ. വൈറസിനെ പൂർണമായും തുരത്തി രോഗം ഭേദപ്പെടുത്താനാവില്ല. എന്നാൽ, എച്ച്.ഐ.വി. ചികിത്സാരംഗത്ത് നാഴികക്കല്ലായേക്കാവുന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യു.എസിലെ 30 ഗവേഷകർ.

ലബോറട്ടറിയിൽ വളർത്തിയ എലികളിലെ എച്ച്.ഐ.വി. വൈറസുകളെ പൂർണമായും നശിപ്പിക്കാൻ സാധിച്ചെന്നാണ് സംഘം അവകാശപ്പെടുന്നത്. മനുഷ്യനിലും പുതിയ കണ്ടെത്തൽ വിജയകരമാകുമെന്നാണിവർ വിശ്വസിക്കുന്നത്. യു.എസിലെ ടെമ്പിൾ സർവകലാശാലയിലെയും യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്ററിലെയും ഗവേഷകരാണ് കണ്ടുപിടിത്തത്തിനുപിന്നിൽ. നാച്വർ കമ്യൂണിക്കേഷൻ ജേണലിലാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പയറ്റിയത് ജീൻ എഡിറ്റിങ്

ഡി.എൻ.എ. എഡിറ്റിങ്ങിനുപയോഗിക്കുന്ന ക്രിസ്പെർ എന്ന ഉപകരണവും വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള മരുന്നുമാണ് സംഘം എലികളിൽ പ്രയോഗിച്ചത്. ശാരീരികമാറ്റം വരുത്തി പ്രതിരോധസംവിധാനം മനുഷ്യന്റേതിനു സമാനമാക്കിയ 23 എലികളിലായിരുന്നു പരീക്ഷണം. ഡി.എൻ.എ. എഡിറ്റിങ്ങിലൂടെ ഇതിൽ ഒമ്പത് എലികളിലെയും വൈറസുകളെ പൂർണമായും നശിപ്പിക്കാൻ സാധിച്ചു. പിന്നീട് ഈ എലികളുടെ തലച്ചോർ, മജ്ജ, രക്തം, ലിംഫോയ്ഡ് കലകൾ എന്നിവയിൽ പരിശോധന നടത്തിയെങ്കിലും വൈറസ് സാന്നിധ്യമില്ലായിരുന്നു.

സർക്കാരിന്റെ അനുമതി ലഭിച്ചാൽ അടുത്തവർഷത്തോടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങുമെന്ന് സംഘത്തിന്റെ ഭാഗമായ കാമെൽ ഖലീലി പറഞ്ഞു. നിലവിൽ ലോകത്ത് 2.2 കോടി എച്ച്.ഐ.വി. ബാധിതർമാത്രമേ ചികിത്സ നടത്തുന്നുള്ളൂ. ഓരോ വർഷവും പുതിയ 5000 രോഗബാധിതരാണുണ്ടാകുന്നത്.