യുണൈറ്റഡ് നേഷന്‍സ്: ഏഷ്യാ-പസഫിക് മേഖലയില്‍ കഴിഞ്ഞവര്‍ഷം കണ്ടെത്തിയ പുതിയ എച്ച്.ഐ.വി./എയ്ഡ്‌സ് ബാധകളില്‍ 95 ശതമാനവും 10 രാജ്യങ്ങളിലെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എന്‍.) റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, പാകിസ്താന്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മ്യാന്‍മാര്‍, പാപ്പുവ ന്യൂഗിനി, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവയാണ് ഈ രാജ്യങ്ങള്‍.

ലൈംഗികത്തൊഴിലാളികള്‍, അവരെ ഉപയോഗിക്കുന്നവര്‍, സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാര്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍, ഭിന്നലൈംഗികര്‍ എന്നിവരിലാണ് എച്ച്.ഐ.വി.ബാധ വ്യാപകം. പുതിയ എച്ച്.ഐ.വി./എയ്ഡ്‌സ് ബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഏഷ്യാ-പസഫിക് മേഖലയിലെ വൈറസ് ബാധിതരുടെ എണ്ണം 2010-ലേതിനേക്കാള്‍ 13 ശതമാനം കുറഞ്ഞു.

ഇന്ത്യയിലെ 26 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. ഇവിടങ്ങളിലെ 41 ശതമാനം എച്ച്.ഐ.വി.ബാധിതരും ലഹരിമരുന്ന് കുത്തിവെക്കുന്നവരാണ്. വൈറസ് ബാധിതരില്‍ 52 ശതമാനം പേര്‍ക്കേ ഇതിനെതിരെയുള്ള മരുന്ന് (ആന്റി റിട്രോവൈറല്‍ തെറാപ്പി -എ.ആര്‍.ടി.) ലഭിക്കുന്നുള്ളൂ.

3.67 കോടി എച്ച്.ഐ.വി. ബാധിതരാണ് ലോകമാകെയുള്ളത്. ഇവരില്‍ 1.95 ശതമാനത്തിനും എ.ആര്‍.ടി. ലഭിക്കുന്നുണ്ട്. എയ്ഡ്‌സുമായി ബന്ധപ്പെട്ട മരണങ്ങള്‍ 2005-ല്‍ 19 ലക്ഷമായിരുന്നു. 2016 ആയപ്പോള്‍ ഇത് 10 ലക്ഷമായി താണുവെന്ന് യു.എന്‍.എയ്ഡ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കല്‍ സിഡിബ് പറഞ്ഞു.

90 ശതമാനം എച്ച്.ഐ.വി. ബാധിതരും സ്വന്തം അവസ്ഥയെക്കുറിച്ച് അറിയുക, 90 ശതമാനം വൈറസ് ബാധിതര്‍ക്കും എ.ആര്‍.ടി. ലഭിക്കുക, തെറാപ്പി ലഭിക്കുന്നവരിലെ വൈറസിന്റെ പ്രവര്‍ത്തനം കുറയുക എന്നീ ലക്ഷ്യങ്ങള്‍ നേടാന്‍ 2020-ഓടെ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.