ടോക്യോ: ലോകംകണ്ട ഏറ്റവും വലിയ ദുരന്തമായ ജപ്പാനിലെ ഹിരോഷിമ അണുബോംബ് സ്ഫോടനത്തെ അതിജീവിക്കുകയും പിന്നീട് ആണവായുധങ്ങൾക്കെതിരേ പ്രചാരണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത സുനാവോ സുബോയ് അന്തരിച്ചു. 96 വയസ്സായിരുന്നു. രക്തക്കുറവിന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

അണുബോംബ്, ഹൈഡ്രജൻ ബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്കായുള്ള ജപ്പാൻ ദേശീയസംഘടനയുടെ നേതൃനിരയിലെ പ്രധാനിയായിരുന്നു.

1945 ഓഗസ്റ്റ് ആറിന് കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് സുനാവോ സ്ഫോടനത്തിൽപ്പെടുന്നത്. എൻജിനിയറിങ് വിദ്യാർഥിയായിരുന്ന സുനാവോയ്ക്ക് അന്ന് 20 വയസ്സായിരുന്നു. സ്ഫോടനത്തിൽ ശരീരമാസകലം കനത്ത പൊള്ളലേറ്റു. പിൽക്കാലത്ത് അർബുദമടക്കം ഒട്ടേറെ രോഗങ്ങൾ അദ്ദേഹത്തെ ബാധിച്ചു.

രണ്ടുപെൺമക്കളും ഒരു മകനുമാണ് സുനാവോയ്ക്കുള്ളത്. ഹിരോഷിമയിലും നാഗസാക്കിയിലുമായി അണുബോംബ് സ്ഫോടനത്തെ അതിജീവിച്ച 1.27 ലക്ഷം പേർ ഇപ്പോഴും ജീവിക്കുന്നുണ്ട്. 1.4 ലക്ഷം പേർ ആണവായുധപ്രയോഗത്തിൽ മരിച്ചുവീണു എന്നാണ് കണക്ക്.