ടെഹ്റാൻ: തീവ്രനിലപാടുകാരനും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്‌സി ഇറാന്റെ എട്ടാമതു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ചനടന്ന തിരഞ്ഞെടുപ്പിൽ 61.95 ശതമാനം വോട്ടുനേടി റെയ്സി വിജയിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുൻ സൈനിക കമാൻഡർ മൊഹ്‌സെൻ റിസായിയെയാണ് റെയ്സി തോൽപ്പിച്ചത്. ആകെ പോൾചെയ്ത 2.89 കോടി വോട്ടിൽ 37.26 ലക്ഷം വോട്ട് അസാധുവായിരുന്നു.

48.8 ശതമാനമാണ് പോളിങ്. ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്.

യു.എസ്. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ആദ്യ പ്രസിഡന്റാണ് റെയ്സി. ആറു വൻശക്തിരാഷ്ട്രങ്ങളുമായുള്ള, ഇറാൻ ആണവക്കരാറിലേക്ക് അമേരിക്കയെ തിരികെയെത്തിക്കാനുള്ള ചർച്ചകൾ ഓസ്ട്രിയയിലെ വിയന്നയിൽനടക്കവേയാണ് റെയ്സി പ്രസിഡൻറാവുന്നത്.

ഇറാൻ പരമോന്നതനേതാവ് അയത്തൊള്ള ഖമേനിയുടെ മാനസപുത്രനാണ് റെയ്‌സി. ഖമേനിയാണ് 2019-ൽ റെയ്സിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഈ പദവിയിലെത്തി മാസങ്ങൾക്കുള്ളിൽ യു.എസ്. അദ്ദേഹത്തിന് ഉപരോധമേർപ്പെടുത്തി. 1980-കളിൽ രാഷ്ട്രീയത്തടവുകാരെ വധശിക്ഷയ്ക്ക്‌ വിധേയമാക്കിയതിൽ പ്രധാന പങ്കു വഹിച്ചെന്നതുൾപ്പെടെയുള്ള മനുഷ്യാവകാശലംഘനങ്ങളുടെ പേരിലാണ് ഉപരോധം.

ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു. തുടർച്ചയായ രണ്ടുതവണ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട റൂഹാനിയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റിലാകും റെയ്സിയുടെ സ്ഥാനാരോഹണം.

റൂഹാനിയുടെ അനുയായികൾ ഉൾപ്പെടെ പ്രമുഖനേതാക്കൾക്ക്‌ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതു വിമർശനങ്ങൾക്കിടയാക്കിയിരുന്നു, എന്നാൽ, ക്രമക്കേടുകളില്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആഭ്യന്തരമന്ത്രി അബ്ദൊൾറെസ റഹ്‍മാനി ഫാസിൽ അവകാശപ്പെട്ടു.