മിന: ജീവിതാഭിലാഷമായ ഹജ്ജ് കർമം കർശന വ്യവസ്ഥകളോടെ പൂർത്തിയാക്കി സ്വദേശികളും വിദേശികളുമടങ്ങിയ 60,000 വിശ്വാസികൾ വ്യാഴാഴ്ച മിനയോട് വിടപറയും. ഇനിയുള്ള കർമങ്ങൾ മക്കയിലും മദീനയിലുമായി നടക്കും. വ്യാഴാഴ്ച മിനയോട് വിടവാങ്ങും മുമ്പ് ഹാജിമാർ ജംറയിലെ മൂന്ന് പിശാചിന്റെ പ്രതീകങ്ങൾക്കുനേരെ കല്ലേറ്‌ നടത്തും. വ്യാഴാഴ്ച മൂന്നാംദിവസത്തെ കല്ലേറുകർമത്തിന് ശേഷം ഭൂരിഭാഗം ഹാജിമാരും സൂര്യാസ്തമയത്തിന് മുമ്പ് ഹജ്ജുകർമം പൂർത്തിയാക്കി മിനയിൽനിന്ന് വിടവാങ്ങും.

വെള്ളിയാഴ്ച നാലാംദിവസത്തെ കല്ലേറ് കർമം സാധാരണയുള്ളതാണെങ്കിലും ഇസ്‌ലാം മതം അത് നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ ഇത്തവണ ഹാജിമാർ നാലാം ദിവസത്തെ കല്ലേറ്‌ കർമം നിർവഹിക്കില്ല. ഇതുസംബന്ധിച്ച് മൊബൈൽ സന്ദേശം ഹാജിമാർക്ക് അധികൃതരിൽനിന്ന് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ളുഹർ നമസ്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്ക് വിളിയോടെയാണ് ഹാജിമാർ ജംറയിലെ കല്ലേറുകർമം തുടങ്ങുക. അയ്യാമുതശ്‌രീഖിന്റെ ദിവസങ്ങളിൽ ഈ സമയത്ത് കല്ലേറ് കർമം നടത്തുന്നതാണ് ഉത്തമമെന്ന് മതം അനുശാസിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ഏറ്റവും ഉത്തമമായ സമയത്തുതന്നെ ഇത്തവണ കല്ലേറ് കർമത്തിന് ഹാജിമാർക്ക് അവസരം ലഭിക്കും. സാധാരണ 25 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജ് കർമം ചെയ്യാനുണ്ടാകുമ്പോഴുള്ള തിരക്ക് പരിഗണിച്ച് ഹാജിമാർ നേരത്തെതന്നെ കല്ലേറ് നടത്തുക പതിവാണ്. എന്നാൽ ഇത്തവണ ഉച്ചയോടെ മാത്രമേ ഇത് ആരംഭിക്കുകയുള്ളൂ.

മുൻകാലങ്ങളിൽ ദുൽഹജ്ജ് 10-ന് പെരുന്നാൾ ദിവസം മൃഗബലി നടത്താനുള്ള മൃഗങ്ങളുമായാണ് ഹാജിമാർ മിനായിൽ എത്താറുള്ളത്. ബലിയറുത്ത മൃഗങ്ങളെ വെയിലിൽ ചുട്ടുപഴുത്ത പാറപ്പുറത്തിട്ട് ഉണക്കി സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്.

തീർഥാടകർക്കിടയിൽ കോവിഡ് ബാധിതരോ മറ്റ് രോഗങ്ങളോ ഉള്ളവരില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന തീർഥാടകർക്കായി എല്ലാ പുണ്യസ്ഥലങ്ങളിലുമൊരുക്കിയ ആരോഗ്യ നടപടികൾ വിജയകരമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.