ലഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്തബന്ധു അബ്ദുൽ റഹ്‌മാൻ മക്കി പാകിസ്താനിൽ അറസ്റ്റിൽ. വിദ്വേഷപ്രസംഗം നടത്തിയതിനും സർക്കാരിനെ വിമർശിച്ചതിനും ക്രമസമാധാനപാലനനിയമപ്രകാരമാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവയുടെ രാഷ്ട്രീയ-അന്താരാഷ്ട്രകാര്യ മേധാവിയും അവരുടെതന്നെ സന്നദ്ധസംഘടനയായ ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷന്റെ (എഫ്.ഐ.എഫ്.) മേധാവിയുമാണ് അബ്ദുൽ റഹ്മാൻ മക്കി. പാകിസ്താനിലെ ഗുജ്രൻവാലയിലാണ് സർക്കാരിനെ വിമർശിച്ചും വിദ്വേഷപ്രചാരിപ്പിച്ചും മക്കി പ്രസംഗിച്ചത്. ഇയാളെ പിന്നീട് ലഹോറിലെ ജയിലിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.

ജമാഅത്തുദ്ദവയിലെ രണ്ടാമനായി കരുതപ്പെടുന്ന മക്കി ഹാഫിസ് സയീദിനെപ്പോലെത്തന്നെ അപകടകാരിയാണെന്നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്. 2010-ൽ യു.എസ്. മക്കിയെ ഭീകരപ്പട്ടികയിൽപ്പെടുത്തുകയും 2012-ൽ ഇയാളുടെ തലയ്ക്ക് 20 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിരോധിതസംഘടനകൾക്കെതിരേ പാക് സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയായാണ് മക്കിയുടെ അറസ്റ്റ്. ജമാഅത്തുദ്ദവയ്ക്കും എഫ്.ഐ.എഫിനും ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ ഫെബ്രുവരിയിൽ പുനഃസ്ഥാപിച്ചിരുന്നു.

content highlights: hafiz sayeed relative arrested in pakistan