ഇസ്ലാമാബാദ്: ഭീകരസംഘടനകള്‍ക്കെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനുപിന്നാലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ സംഘടനകളുടെ സ്വത്തുക്കള്‍ പാകിസ്താന്‍ കണ്ടുകെട്ടുന്നു; അന്താരാഷ്ട്ര സമ്മര്‍ദങ്ങളെത്തുടര്‍ന്നാണിത്.

സയീദിന്റെ നേതൃത്വത്തിലുള്ള ജമാ അത്തുദ്ദവയുടെയും അതിന്റെ കീഴിലുള്ള സംഘടനയായ ഫലാ-ഇ-ഇന്‍സാനിയത്തിന്റെയും (എഫ്.ഐ.എഫ്.) പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിതുടങ്ങിയതായി പാകിസ്താന്‍ ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ (യു.എന്‍.എസ്.സി.) ഉപരോധപ്പട്ടികയിലുള്ള സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സില്‍ തിങ്കളാഴ്ചയാണ് പാകിസ്താന്‍ പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ ഒപ്പിട്ടത്.

ജമാ അത്തുദ്ദവയ്ക്ക് കീഴില്‍ 60 സ്‌കൂളുകള്‍, നൂറിലേറെ മദ്രസകള്‍, ആറു ആസ്​പത്രികള്‍, 150-ലേറെ ആംബുലന്‍സുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ സര്‍ക്കാര്‍ ഏറ്റെടുക്കും. ആസ്​പത്രികളും ആംബുലന്‍സുകളുമുള്‍പ്പെടെയുള്ള ആരോഗ്യസംവിധാനങ്ങളുടെ ചുമതല പാക് സന്നദ്ധസംഘടനയായ റെഡ് ക്രസന്റും സ്‌കൂളുകളുടെ ചുമതല അതത് പ്രവിശ്യാസര്‍ക്കാരുകളും വഹിക്കും.

സംഘടനകള്‍ക്കെതിരേ നടപടി തുടങ്ങിയ വിവരം ജമാഅത്തുദ്ദവയുടെയും എഫ്.ഐ.എഫിന്റെയും വക്താവ് യഹ്യ മുജാഹിദ് സ്ഥിരീകരിച്ചു. വിലക്ക് എങ്ങനെ നേരിടാമെന്നത് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നിരോധിതസംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ രാജ്യങ്ങള്‍ എത്രത്തോളം വിജയിച്ചുവെന്ന് പരിശോധിക്കാനും അന്താരാഷ്ട്ര കള്ളപ്പണ- ഭീകരവാദ ഫണ്ടിങ് ഇല്ലാതാക്കാനുമുള്ള അന്താരാഷ്ട്ര സംഘടനയായ ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്.) സമ്മേളനം പാരീസില്‍ ചേരാനിരിക്കേയാണ് പാകിസ്താന്റെ പുതിയ നീക്കം. ഫെബ്രുവരി 18 മുതല്‍ 23 വരെയാണ് എഫ്.എ.ടി.എഫ്. യോഗം. കഴിഞ്ഞവര്‍ഷവും എഫ്.എ.ടി.എഫ്. സമ്മേളനത്തിനുമുന്നോടിയായി ഹാഫിസ് സയീദിന് പാകിസ്താന്‍ ഒന്‍പതുമാസത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു.

പാകിസ്താന്‍ അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും എന്നാല്‍, ജമാഅത്തുദ്ദവ നേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും അന്താരാഷ്ട്രസമൂഹത്തെ അറിയിച്ചിട്ടുള്ളതായി മുതിര്‍ന്ന പാക് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.