ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത്-ഉദ്-ദവാ നേതാവുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആവശ്യപ്പെട്ടു.

ഹാഫിസ് തീവ്രവാദിയല്ല. ഭൂകമ്പവും വെള്ളപ്പൊക്കവും തകര്‍ത്ത പാകിസ്താനുവേണ്ടി അദ്ദേഹത്തിന്റെ സന്നദ്ധസംഘടന ഫലാ-എ-ഇന്‍സാനിയത് നല്‍കിയ സംഭാവനകള്‍ വലുതാണ്. അവര്‍ താലിബാനെതിരേയാണ്. പാകിസ്താനിലോ ലോകത്തെവിടെയെങ്കിലുമോ അവര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലെന്നാണ് വിശ്വാസമെന്നും മുഷറഫ് ടി.വി. ചാനലിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞമാസം രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തിന് പുറത്തുപോകുന്നത് വിലക്കുകയും 90 ദിവസത്തേക്ക് വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു.