ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനിലെ അമേരിക്കൻ അധിനിവേശത്തിനൊപ്പം നിന്നതിന് പാകിസ്താന് വലിയ വില നൽകേണ്ടിവന്നതായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽനിന്നും പിന്മാറിയതിനുശേഷം അമേരിക്കൻ നേതാക്കൾ പാകിസ്താനുമേൽ കുറ്റംചുമത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

താലിബാനെ പാകിസ്താൻ സഹായിക്കുന്നെന്ന് അമേരിക്കയുടെ വിദേശബന്ധസമിതി ആരോപിച്ചതിനു പിന്നാലെയാണ് പ്രതികരണം. 9/11 ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്താൻ ദുർബലാവസ്ഥയിലായിരുന്നു. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പർവേസ് മുഷറഫ്, തന്റെ സർക്കാരിനുവേണ്ടി അമേരിക്കൻ സഹായം തേടിയിരുന്നു.

അഫ്ഗാനിസ്താനിലെ അധിനിവേശത്തിന് പിന്തുണ നൽകിയതിലൂടെ അമേരിക്കയുടെ സഹായംേനടാൻ സാധിച്ചെങ്കിലും അത് ശരിയായിരുന്നില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഖാൻ പറഞ്ഞു.

വനിതാ ജീവനക്കാർ വീട്ടിലിരിക്കുക -കാബൂൾ നഗരസഭ

കാബൂൾ: വനിതാ ജീവനക്കാരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് താലിബാൻ നിയന്ത്രണത്തിലുള്ള കാബൂൾ നഗരസഭ. ഡിസൈനിങ്, എൻജിനിയറിങ് വിഭാഗങ്ങളിലെ ചില ജോലികളിലും സ്ത്രീകളുടെ പൊതുശൗചാലയങ്ങളുടെ സൂക്ഷിപ്പ് ഉൾപ്പെടെ പുരുഷന്മാരെ നിയോഗിക്കാനാകാത്ത ജോലികളിലും മാത്രമേ സ്ത്രീകളെ അനുവദിക്കൂവെന്ന് കാബൂൾ മേയർ ഹമദുള്ള നാമോണി പറഞ്ഞു.

താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നഗരസഭാ ജീവനക്കാരിൽ മൂന്നിലൊന്നും സ്ത്രീകളായിരുന്നു. എല്ലാ വിഭാഗങ്ങളിലും സ്ത്രീകൾ ജോലിചെയ്തിരുന്നു. കാബൂളിൽ അക്രമണഭീഷണി കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന നടപടികൾ ആരംഭിച്ചതായും ഹമദുള്ള പറഞ്ഞു.