സ്റ്റോക്ക്ഹോം: കൗമാര കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേയെയും ആഗോള പ്രതിഷേധ കൂട്ടായ്മയായ ‘ഫ്രൈഡേ ഫോർ ഫ്യൂച്ചറി’നെയും 2020-ലെ നൊബേൽ സമ്മാനത്തിന് ശുപാർശചെയ്ത് സ്വീഡനിലെ രണ്ട് പാർലമെന്റ് അംഗങ്ങൾ. ചെറുപ്രായത്തിൽത്തന്നെ കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന, പ്രത്യക്ഷസമരം നടത്തുന്ന ഗ്രെറ്റയാണ് എന്തുകൊണ്ടും ആ ബഹുമതിക്ക് അർഹയെന്ന് ചൂണ്ടിക്കാട്ടി ഇടതുപാർട്ടി അംഗങ്ങളായ ജെൻസ് ഹോം, ഹകൻ സ്വെനലിങ് എന്നിവർ നൊർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കത്തെഴുതി.

കാലാവസ്ഥാമാറ്റം ഇനിയും അവഗണിക്കരുതെന്ന് രാഷ്ട്രീയനേതൃത്വത്തെ ധരിപ്പിക്കാൻ ഗ്രെറ്റയുടെ പ്രവർത്തനംകൊണ്ട് കഴിഞ്ഞതായും ഇരുവരും ചൂണ്ടിക്കാട്ടി. ഗ്രെറ്റയുടെയും ഫ്രൈഡേ ഫോർ ഫ്യൂച്ചറിന്റെയും പ്രവർത്തനമില്ലെങ്കിൽ കാലാവസ്ഥാമാറ്റം ഇന്ന് ഇത്രയും ചർച്ചചെയ്യപ്പെടുകയില്ലായിരുന്നെന്നും എം.പി.മാർ പറഞ്ഞു.

2019-ലെ നൊബേലിന് 17-കാരിയായ ഗ്രെറ്റയെ പരിഗണിച്ചേക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ, അയൽരാജ്യമായ എറിത്രിയയുമായി ദീർഘകാലം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കാൻ മുൻകൈയെടുത്ത എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദിനാണ് പുരസ്കാരം ലഭിച്ചത്.

Content Highlights: Greta Thunberg Nobel prize