മഡ്രിഡ്: സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സ്പെയിനിലെ മഡ്രിഡിലെത്തി. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങൾ കൂടുതൽ ഗൗരവമായി ചിന്തിക്കണമെന്നും കാർബൺ ബഹിർഗമനം കുറയ്ക്കാൻ കർശനനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവതീയുവാക്കൾ പങ്കെടുക്കുന്ന മാർച്ചിൽ ഗ്രെറ്റയും അണിചേരും.

തിങ്കളാഴ്ചയാണ് കാലാവസ്ഥാ ഉച്ചകോടി തുടങ്ങിയത്. ചിലിയിൽ നടത്താനിരുന്ന പരിപാടി അവിടെ ജനകീയപ്രക്ഷോഭങ്ങളെത്തുടർന്നാണ് മഡ്രിഡിലേക്ക് മാറ്റിയത്. രണ്ടാഴ്ചനീളുന്ന പരിപാടി യു.എൻ. ആണ് സംഘടിപ്പിക്കുന്നത്. പാരീസ് കാലാവസ്ഥാഉടമ്പടിയിലെ മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകകൂടിയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

കാലാവസ്ഥാമാറ്റം വരുംവർഷങ്ങളിൽ മനുഷ്യരാശിയെ ഗുരുതരമായിത്തന്നെ ബാധിക്കുമെന്ന് ഇതിനകംതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആഗോള താപനില ഇനിയും ഉയർന്നാൽ മത്സ്യസമ്പത്തിനെയും കടൽവിഭവങ്ങളെയും ബാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും കോടിക്കണക്കിന് ഡോളർ ഇതുവഴി നഷ്ടപ്പെടുമെന്നും പറയുന്നു.

ഗ്രെറ്റയുടെ വരവോടെ ഉച്ചകോടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സർക്കാർ ഇതരസംഘടനകളും പുതുതലമുറയും പരിസ്ഥിതിപ്രവർത്തകരും വരുംദിവസങ്ങളിൽ ഒറ്റക്കെട്ടായി ആഗോളതാപനം കുറയ്ക്കാൻവേണ്ട നടപടികൾക്കായി ലോകരാഷ്ട്രങ്ങൾക്കുമേൽ സമ്മർദം ശക്തമാക്കും.

പതിനാറുകാരിയായ ഗ്രെറ്റ വെർജീനിയയിൽനിന്ന് കഴിഞ്ഞമാസം കട്ടമരത്തിലാണ് മഡ്രിഡിലേക്ക് പുറപ്പെട്ടത്. അറ്റ്‌ലാന്റിക് സമുദ്രം താണ്ടി കഴിഞ്ഞയാഴ്ച പോർച്ചുഗീസ് തലസ്ഥാനമായ ലിസ്‌ബണിലെത്തി; അവിടെനിന്ന് ട്രെയിനിൽ മഡ്രിഡിലും. അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളാത്ത ഗതാഗതമാർഗം എന്ന നിലക്കാണ് വിമാനയാത്ര ഒഴിവാക്കി കട്ടമരം തിരഞ്ഞെടുത്തത്. ഓഗസ്റ്റിൽ ലണ്ടനിൽനിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്ക് ഗ്രെറ്റ തിരഞ്ഞെടുത്തത് കാർബൺ പുറത്തുവിടാത്ത വഞ്ചിയായിരുന്നു.

Greta Thunberg in Madrid for weather summit