ഹേഗ്: കാലാവസ്ഥ സംരക്ഷിക്കാൻ പോരാടുന്ന സ്വീഡനിലെ കൗമാരക്കാരി ഗ്രെറ്റ ത്യുൻബേയ്ക്കും (16) ബോക്കോഹറാം ഭീകരർക്കുനേരെ പോരാടുന്ന കാമറൂണിലെ സമാധാനപോരാളി ഡിവിന മലൗമിനും (15) കുട്ടികൾക്കായുള്ള അന്താരാഷ്ട്ര സമാധാനപുരസ്കാരം സമ്മാനിച്ചു. ഹേഗിൽനടന്ന ചടങ്ങിൽ 2014-ലെ നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി അവാർഡ് വിതരണംചെയ്തു. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡച്ച് സംഘടനയാണ് 2005 മുതൽ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാവ്യതിയാനമാണ് നമ്മൾ ഇന്നുനേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധിയെന്ന് ഗ്രെറ്റയെ അവാർഡിനായി തിരഞ്ഞെടുത്ത ജർമൻ കാലാവസ്ഥാ പ്രവർത്തക ലൂയിസ മാരീ ന്യൂബർ പറഞ്ഞു. കാലാവസ്ഥയ്ക്ക് നീതിവേണം എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുമായി 2018 ഓഗസ്റ്റിൽ സ്വീഡിഷ് പാർലമെന്റിനുമുന്നിൽ സമരമാരംഭിച്ചാണ് ഗ്രെറ്റ ശ്രദ്ധേയയായത്. ഇത് ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് സ്കൂൾവിദ്യാർഥികൾ ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ചകളിൽ സ്കൂളിൽപോവാതെ യൂണിഫോം അണിഞ്ഞെത്തിയായിരുന്നു അവൾ പാർലമെന്റിനുമുന്നിൽ പ്രതിഷേധിച്ചത്. പാരീസ് ഉടമ്പടിയനുസരിച്ച്, സ്വീഡൻ അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കണമെന്നായിരുന്നു അവളുയർത്തിയിരുന്ന പ്രധാന ആവശ്യം.

ഡിസംബറിൽ സ്പെയിനിലെ മഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ കട്ടമരത്തിൽ അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്ന ഗ്രെറ്റയ്ക്ക് ഹേഗിൽനടന്ന ചടങ്ങിന് എത്താനായില്ല. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗ്രെറ്റ സന്ദേശത്തിലൂടെ അറിയിച്ചു.

കുട്ടികളുടെ അവകാശത്തിന് ഊന്നൽനൽകി ബോക്കോഹറാമിനെതിരേ ശക്തമായ പോരാട്ടമാണ് ഡിവിന നടത്തിയത്. ഭീകരർക്കുനേരെ പോരാടാൻ അവൾ കുട്ടികളോട് ആഹ്വാനംചെയ്തിരുന്നു. ആഫ്രിക്കയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ കുട്ടികളെ അകറ്റിനിർത്തിയിരുന്നിടത്തുനിന്നാണ് ഡിവിനയുടെ സമാധാനത്തിലൂന്നിയുള്ള പോരാട്ടമെന്ന് ലൂയിസ മാരീ ന്യൂബർ പറഞ്ഞു. പോരാട്ടത്തിനായി കാർട്ടൂൺ കഥാപാത്രത്തെയും ഡിവിന വികസിപ്പിച്ചെടുത്തിരുന്നു. കുട്ടികളുടെ ടീഷർട്ടുകളിൽ കാർട്ടൂൺ കഥാപാത്രം വരയ്ക്കുക, കുട്ടികൾക്ക് വർക്‌ ഷോപ്പ് നടത്തുക തുടങ്ങിയവയാണ് അവൾ ആസൂത്രണംചെയ്തത്. ഇതിന് വലിയപിന്തുണയാണ് ലഭിച്ചത്. ഒരുലക്ഷം യൂറോയുടെ ഗ്രാന്റാണ് പുരസ്കാരത്തുക. ഇത് വിജയികളുടെ പ്രോജക്ടുകൾക്കാണ് നൽകുക.

Content Highlights: Greta Thunberg, Divina Maloum Receive International Children's Peace Prize