ഗ്ലാസ്‌ഗോ: കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികൾ മന്ദഗതിയിലാകുന്നതിൽ രോഷം പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തകർ യു.എൻ. കാലാവസ്ഥ ഉച്ചകോടി നടക്കുന്നിടത്ത് നിന്ന് ക്ലൈഡ് നദിയുടെ കരയിലേക്ക് മാർച്ച് നടത്തി.

‘ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്’ എന്ന മുദ്രാവാക്യമുള്ള ബാനറുകൾ ഉയർത്തിയായിരുന്നു മാർച്ച്. സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോക നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണ് എന്ന് സ്വീഡനിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ ആരോപിച്ചു. ‘മാറ്റം ഉള്ളിൽനിന്ന് വരാൻ പോകുന്നില്ല, കൂടുതൽ ബ്ലാ... ബ്ലാ... ബ്ലാ... വേണ്ട’, യു.എൻ. കാലാവസ്ഥാ ഉച്ചകോടിയെ വിമർശിച്ച് ഗ്രെറ്റ പറഞ്ഞു.

‘‘ഞാൻ ഇവിടെ ഗ്ലാസ്ഗോയിലെ ഈ കോൺഫറൻസ് സെന്ററിൽ സുഖമായി ഇരിക്കുമ്പോൾ, എന്റെ രാജ്യത്ത 20 ലക്ഷത്തിലധികം ആളുകൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പട്ടിണിയിലാണ്’’, കെനിയയിലെ കാലാവസ്ഥാ പ്രവർത്തക എലിസബത്ത് വാതുറ്റി പറഞ്ഞു. കെനിയയിൽ വരൾച്ച കാരണം പലർക്കും ഭക്ഷണം ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.