ലണ്ടൻ: കാലാവസ്ഥ സംരക്ഷിക്കാൻ സ്വീഡനിൽ മാസങ്ങളോളം ഒറ്റയാൾ പോരാട്ടം നടത്തിയ ഗ്രെറ്റ തുൻബെർഗിന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ അംബാസഡർ ഫോർ കൺസൈൻസ് പുരസ്കാരം. ഗ്രെറ്റയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ’ പ്രസ്ഥാനവും പുരസ്കാരം പങ്കിട്ടു. ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളുടെ ബോധവത്‌കരിച്ചതിനാണ് പുരസ്കാരം.

‘കാലാവസ്ഥയ്ക്ക് നീതിവേണം’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുമായി 2018 ഓഗസ്റ്റ് മുതലാണ് സ്വീഡിഷ് പാർലമെന്റിനുമുന്നിൽ 16-കാരി ഗ്രെറ്റ സമരമാരംഭിച്ചത്. വെള്ളിയാഴ്ചകളിൽ സ്കൂളിൽപോകാതെ അവൾ യൂണിഫോമിൽ പാർലമെന്റിനുമുന്നിൽ കുത്തിയിരുന്നു. പാരീസ് ഉടമ്പടിയനുസരിച്ച് സ്വീഡൻ അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

സമരം ശ്രദ്ധിക്കപ്പെട്ടതോടെ ബ്രസീൽ, യുഗാൺഡ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ വിവിധരാജ്യങ്ങളിലും ഈയാവശ്യമുന്നയിച്ച് വിദ്യാർഥികളുൾപ്പെടെയുള്ളവർ തെരുവിലിറങ്ങി. 2019 മാർച്ച് 15-ന് ആഗോളതലത്തിൽ കുട്ടികൾ പഠിപ്പുമുടക്കുകയും ചെയ്തതോടെ ഗ്രെറ്റ പ്രശസ്തിയിലേക്കുയർന്നു. ഈവർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനും ഗ്രെറ്റയെ പരിഗണിച്ചിട്ടുണ്ട്.

പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഗ്രെറ്റ പ്രതികരിച്ചു. ശരിയെന്ന് കരുതുന്നതിനുവേണ്ടി പോരാടേണ്ടതുണ്ടെന്നും അതാണ് ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ചെയ്യുന്നതെന്നും അവൾ കൂട്ടിച്ചേർത്തു.

Content Highlights: Greta Thunberg, Amnesty prize