ന്യൂയോർക്ക്: കാലാവസ്ഥാമാറ്റത്തിനും ആഗോളതാപനത്തിനും നേരെ ലോകവ്യാപകമായ പോരാട്ടത്തിന്‌ നേതൃത്വംനൽകുന്ന പതിനാറുകാരി ഗ്രെറ്റ തുൻബർഗ് പ്രതീക്ഷ കൈവിടാതെ ലോക കാലാവസ്ഥാ യുവജന ഉച്ചകോടിവേദിയിൽ. മുതിർന്നവർ തങ്ങളുടെ വാക്കുകൾക്ക് ചെവികൊടുക്കുംവരെ സംസാരിച്ചുകൊണ്ടേയിരിക്കുമെന്ന പ്രതിജ്ഞയുമായാണ് ഗ്രെറ്റയും സഹപ്രവർത്തകരും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനൊപ്പം ഉച്ചകോടിക്കെത്തിയത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയിൽ ലോകനേതാക്കൾക്കൊപ്പം ഗ്രെറ്റ വേദിപങ്കിടും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ തുടങ്ങിയ രാഷ്ട്രനേതാക്കൾക്കുശേഷം ഗ്രെറ്റ ഉച്ചകോടിയെ അഭിസംബോധനചെയ്യും.

2018 ഓഗസ്റ്റിൽ സ്വീഡിഷ് പാർലമെന്റിനുമുന്നിൽ കാലാവസ്ഥയ്ക്കുവേണ്ടിയുള്ള പഠിപ്പുമുടക്കുസമരം ആരംഭിച്ചുകൊണ്ടാണ് ഗ്രെറ്റ തന്റെ പോരാട്ടത്തിന് തുടക്കംകുറിച്ചത്. വെള്ളിയാഴ്ച പഠിപ്പുമുടക്ക് എന്നപേരിൽ ലോകമാകെ പടർന്ന സമരത്തിൽ ഇന്ന് ലക്ഷക്കണക്കിന് കുട്ടികൾ അണിനിരക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചനടന്ന സമരത്തിൽ 40 ലക്ഷം കുട്ടികളാണ് പഠിപ്പുമുടക്കി തെരുവിലിറങ്ങിയത്.

content highlights: greta thunberg