ന്യൂയോർക്ക്: കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തിയ പ്രസംഗം മാത്രമല്ല, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള ഗ്രെറ്റയുടെ നോട്ടവും തിങ്കളാഴ്ച അന്താരാഷ്ട്രശ്രദ്ധ നേടി.

‘മതപരമായ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ യു.എൻ. ആസ്ഥാനത്തുനടന്ന സംവാദത്തിൽ പങ്കെടുക്കാൻ ട്രംപ് തന്റെ സമീപത്തുകൂടി പോയപ്പോഴാണ് ഗ്രെറ്റയുടെ മുഖത്ത് ഈ ഭാവം വിരിഞ്ഞത്. ഗ്രെറ്റയുടെ ഈ ദഹിപ്പിക്കുന്ന നോട്ടം ക്യാമറകൾ ഒപ്പിയെടുക്കുകയും നിമിഷങ്ങൾക്കുള്ളിൽ അത് വൈറലാകുകയും ചെയ്തു.

എന്നാൽ, ഗ്രെറ്റയെ പരിഹസിക്കുന്ന നിലപാടാണ് ട്രംപിന്റെ ഭാഗത്തുനിന്ന് പിന്നീടുണ്ടായത്. യു.എന്നിൽ ഗ്രെറ്റ നടത്തിയ വൈകാരികമായ പ്രസംഗം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം. തെളിച്ചമാർന്നതും മികച്ചതുമായ ഭാവിക്കായി കാത്തിരിക്കുന്ന സന്തോഷവതിയായ കുട്ടിയായാണ് അവൾ കാണപ്പെടുന്നതെന്നും അവളെ കാണാൻ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു. ട്രംപിന്റെ ഈ പ്രവൃത്തിയിൽ വൻ വിമർശനമുയർന്നിട്ടുണ്ട്.

അഞ്ചുരാജ്യങ്ങളുടെ പേരിൽ ഗ്രെറ്റയുടെ പരാതി

ആഗോളതാപനം നിയന്ത്രിക്കുന്നതിൽ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് അഞ്ചുരാജ്യങ്ങളുടെ പേരിൽ ഗ്രെറ്റ തുൻബെർഗ് ഐക്യരാഷ്ട്രസഭയ്ക്ക് പരാതിനൽകി. ജർമനി, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, തുർക്കി എന്നീ രാജ്യങ്ങളുടെ പേരിലാണ്‌ പരാതി. വിവിധരാജ്യങ്ങളിൽനിന്നുള്ള 15 കുട്ടി പരിസ്ഥിതിപ്രവർത്തകരും ഗ്രെറ്റയ്ക്കൊപ്പം പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്.

മുപ്പതുവർഷംമുമ്പ് ഒപ്പിട്ട ‘കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ചൈൽഡ്’ കരാറിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഈ രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു.

content highlights: Greta's death stare against Trump