സിഡ്നി: ഗൂഗിളിൽ ഉള്ളടക്കം പങ്കുവെക്കുന്നതിന് രാജ്യത്തെ മാധ്യമകമ്പനികൾക്ക് പ്രതിഫലം നിർബന്ധമാക്കുന്ന നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോയാൽ ഓസ്ട്രേലിയയിൽ തങ്ങളുടെ തിരച്ചിൽസംവിധാനം നിർത്തലാക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പുനൽകി. ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിവയടക്കമുള്ള വൻകിട ടെക് കമ്പനികൾ മാധ്യമകമ്പനികളുമായും പ്രക്ഷേപകരുമായും വാർത്തകളുടെയും ഉള്ളടക്കത്തിന്റെയും റോയൽറ്റി പങ്കിടൽ നിർബന്ധമാക്കുന്നതാണ് നിയമം. സർക്കാർനീക്കം സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും നടപ്പാക്കാൻ പ്രയാസമുള്ളതുമാണെന്ന് ഗൂഗിളിൻറെ ഓസ്ട്രേലിയ, ന്യൂസീലൻഡ് മേഖലാ മാനേജിങ് ഡയറക്ടർ മെൽ സിൽവ സെനറ്റിൽ വെള്ളിയാഴ്ച പ്രതികരിച്ചു. പ്രതികരണമറിയിക്കാൻ സെനറ്റിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു അവരെ. സർക്കാർ കടുംപിടിത്തം പിടിച്ചാൽ ചിലസേവനങ്ങൾ നിർത്തലാക്കുമെന്നും സിൽവ പറഞ്ഞു.

എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്നും നിയമവുമായി മുന്നോട്ടുപോവുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ‘ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് എന്തുചെയ്യാമെന്നതിൽ നിയമം നിർമിക്കുന്നത് ഞങ്ങളാണ്. പാർലമെന്റും സർക്കാരും അതിനുള്ള നീക്കം നടത്തി. ഓസ്‌ട്രേലിയയിൽ കാര്യങ്ങൾ ഇങ്ങനെയാണ് നടക്കുന്നതെ’ന്നും അദ്ദേഹം പറഞ്ഞു. സെനറ്റംഗങ്ങളും ഗൂഗിളിന്റെ മുന്നറിയിപ്പിനെതിരേ രംഗത്തെത്തി. ഗൂഗിൾ, ഓസ്ട്രേലിയയെ ഭീഷണിപ്പെടുത്തി കാര്യംസാധിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. ലോകം മുഴുവൻ ഇക്കാര്യം നടപ്പാവാൻ പോവുകയാണ്. എല്ലായിടങ്ങളിലും ഗൂഗിൾ സേവനമവസാനിപ്പിക്കുമോയെന്നും അംഗങ്ങൾ ചോദിച്ചു.പ്രസ്തുത നിയമപ്രകാരം പ്രസാധകകമ്പനികൾക്ക് ടെക് ഭീമന്മാരോട് വിലപേശി പ്രതിഫലത്തിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കാം. അല്ലാത്തപക്ഷം സർക്കാർ നിയമിക്കുന്ന മധ്യസ്ഥനായിരിക്കും തുക നിശ്ചയിക്കുക.

പിന്നാലെ ഫെയ്സ്ബുക്കും

സർക്കാർ നിയമവുമായി മുന്നോട്ടുപോകുന്നപക്ഷം തങ്ങളുടെ പ്ലാറ്റ്ഫോമിൽ വാർത്തകൾ പങ്കുവെക്കുന്നത് വിലക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഫെയ്സ്ബുക്കും വ്യക്തമാക്കി.

സർക്കാർവാദം

  • ഗൂഗിളിന് കൂടുതൽ ഉപയോക്താക്കളെ കിട്ടാൻകാരണം മാധ്യമവാർത്തകളാണ്. അതിനാൽ അവർ മാന്യമായ പ്രതിഫലമർഹിക്കുന്നു
  • വാർത്താരംഗത്തിന് സാമ്പത്തികപിന്തുണ ഉറപ്പാക്കേണ്ടതുണ്ട്

ഫ്രാൻസും ഗൂഗിളും തമ്മിൽ ധാരണ

വാർത്തകൾ പുനരുപയോഗിക്കുന്പോൾ പകർപ്പവകാശപ്രകാരമുള്ള പ്രതിഫലം നൽകുന്നതിന് ഗൂഗിളും ഫ്രാൻസിലെ പ്രസാധകസംഘടനയും തമ്മിൽ കരാറൊപ്പിട്ടു. മാസങ്ങൾനീണ്ട ചർച്ചകൾക്കൊടുവിലാണ് ഫ്രാൻസിലെ ദിനപത്രങ്ങളുടെ കൂട്ടായ്മയായ എ.പി.ഐ.ജി.യും ഗൂഗിളും ധാരണയായത്. എത്രപേർ വായിച്ചു, എത്രത്തോളം ഉള്ളടക്കമുണ്ട് തുടങ്ങിയവയാണ് പ്രതിഫലം നിർണിയിക്കുന്നതിനുള്ള മാനദണ്ഡം. വൈകാതെ യൂറോപ്യൻരാജ്യങ്ങളിലെല്ലാം കരാർ നിലവിൽവരുമെന്നാണറിയുന്നത്.