വാഷിങ്ടൺ: എച്ച്-1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് യു.എസിൽ തൊഴിൽചെയ്യാൻ അനുമതിനൽകണമെന്ന് ഗൂഗിളിന്റെ നേതൃത്വത്തിലുള്ള ടെക് കമ്പനികൾ ആവശ്യപ്പെട്ടു. എച്ച്-1 ബി വിസക്കാരുടെ പങ്കാളികളായ എച്ച് 4 വിസക്കാരെ രാജ്യത്ത് തൊഴിലെടുക്കാൻ അനുവദിക്കുന്നതിനെതിരേ സേവ് ജോബ്‌സ് എന്ന സംഘടന നൽകിയ പരാതിയിലാണ് ഗൂഗിളിന്റെ നേതൃത്വത്തിലുള്ള 30 കമ്പനികൾ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വിസകൾ അനുവദിക്കുന്നതിൽ കാലതാമസം ഒഴിവാക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു. ഗൂഗിളിനുപുറമേ അഡോബി, ഐ.ബി.എം. ഇന്റൽ, മൈക്രോസോഫ്റ്റ്, ട്വിറ്റർ ഉൾപ്പെടെയുള്ള കമ്പനികളും കോടതിയിൽ നൽകിയ രേഖയിൽ ഒപ്പുവെച്ചിട്ടുണ്ട്.

നേരത്തേ എച്ച് 4 ബി വിസയുള്ളവർക്ക് തൊഴിൽ അനുമതി നൽകുന്നത് ട്രംപ് ഭരണകൂടം നിർത്തലാക്കിയിരുന്നു. എന്നാൽ, അധികാരമേറ്റതിനുപിന്നാലെ ബൈഡൻ ഭരണകൂടം ഇത് തിരുത്തി. ഇതിനെതിരേയാണ് സേവ് ജോബ്‌സ് യു.എസ്.എ. നിയമനടപടിയുമായി രംഗത്തെത്തിയത്.

രാജ്യത്തിലെ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ ട്വിറ്ററിലൂടെ അറിയിച്ചു.

യു.എസിൽ എച്ച്.-4 വിസയുള്ള 90,000-ത്തിലധികം പേർക്കാണ് തൊഴിൽ അനുമതി ലഭിച്ചിട്ടുള്ളത്. ഇവയിൽ 90 ശതമാനത്തിലധികവും സ്ത്രീകളാണ്. ഇന്ത്യക്കാരും ചൈനക്കാരുമാണ് ഇതിന്റെ ഏറ്റവുംവലിയ ഗുണഭോക്താക്കൾ.

content highlights: google demands work permit for h1b1 visa holders partners