വാഷിങ്ടൺ: ജി-മെയിൽ സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് വായിക്കാനാകുമെന്ന് സമ്മതിച്ച് ഗൂഗിൾ. ഉപയോക്താക്കൾ അയയ്ക്കുന്ന സന്ദേശങ്ങൾ ചില സമയങ്ങളിൽ മറ്റ് ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് വായിക്കാനായേക്കും.

മറ്റുള്ള ആപ്ലിക്കേഷനുകളുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഉപഭോക്താവറിയാതെ തന്നെ തങ്ങളുടെ സന്ദേശങ്ങൾ വായിക്കാനുള്ള അനുമതി മറ്റ് ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുമ്പോൾ നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനും മായ്ക്കാനുമുള്ള അനുമതി ലഭ്യമാണോയെന്ന സന്ദേശം സ്‍ക്രീനിൽ തെളിയാറുണ്ട്. അബദ്ധത്തിൽ ഇതിന് അനുമതി നൽകിയാൽ മൂന്നാമതൊരാൾക്ക് സന്ദേശങ്ങൾ വായിക്കാം.

ഇത് സാധാരണമാണെന്നും പരസ്യമായ രഹസ്യമാണെന്നും യു.എസ്. മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് തങ്ങളുടെ നയങ്ങളെ ലംഘിക്കുന്നതല്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. എന്നാൽ, ഗുരുതരമായ ഈ തെറ്റ് അനുവദിക്കുന്ന ഗൂഗിളിൻറെ നിലപാട് അമ്പരപ്പിക്കുന്നുവെന്ന് സുരക്ഷാവിദഗ്ധർ അഭിപ്രായപ്പെട്ടു.