ജനീവ: കോവിഡിന് സമാനമായ അടിയന്തരനടപടികൾ കാലാവസ്ഥാവ്യതിയാനത്തിനെതിരേയും ആവശ്യമാണെന്ന് റെഡ്‌ക്രോസ്. ആഗോളതാപനം അടക്കമുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ കോവിഡിനെക്കാൾ ഭീഷണിയുയർത്തുന്നതാണെന്നും റെഡ്‌ക്രോസ് മുന്നറിയിപ്പുനൽകി. പകർച്ചവ്യാധികൾ നാശംവിതയ്ക്കുന്നതിൽനിന്ന് വിട്ടുനിന്നാലും കാലാവസ്ഥാവ്യതിയാനങ്ങൾക്ക് ഇടവേളയുണ്ടാകില്ലെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്‌ക്രോസും (ഐ.എഫ്.ആർ.സി.) റെഡ് ക്രസന്റ് സൊസൈറ്റീസും തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

2019-ൽമാത്രം ലോകത്ത് 308 പ്രകൃതിദുരന്തങ്ങളുണ്ടായി. അതിൽ 77 ശതമാനവും കാലാവസ്ഥാമാറ്റങ്ങളുമായി ബന്ധമുള്ളതായിരുന്നു. 2,44,000 പേർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടിൽ പറയുന്നു.

വളരെ ഗുരുതരമായപ്രശ്നമാണ് കോവിഡിൻറെ രൂപത്തിൽ ലോകം അഭിമുഖീകരിക്കുന്നത്. എന്നാൽ, കാലാവസ്ഥാവ്യതിയാനം ഭൂമിയെയും മനുഷ്യജീവിതത്തെയും ദീർഘകാലാടിസ്ഥാനത്തിലാകും ബാധിക്കുക -ഐ.എഫ്.ആർ.സി. സെക്രട്ടറി ജനറൽ ജഗൻ ചാപഗെയ്ൻ വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡിനെതിരായ പ്രതിരോധ വാക്സിൻ വൈകാതെ എത്തുമെന്നും എന്നാൽ, കാലാവസ്ഥാവ്യതിയാനത്തിന് വാക്സിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.