വാഷിങ്ടൺ: നിയന്ത്രണംനഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ വാരാന്ത്യത്തോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന പേടിയിൽ ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടൺ ഭാരമുള്ള ഭാഗമാണ് വേർപ്പെട്ടത്.

ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.

അശ്രദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമർശനം ഉയരുന്നുണ്ട്. എന്നാൽ, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തിൽ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്യുന്നു.

ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യു.എസിലെ ഹാർവാഡ്-സ്മിത്ത്‌സോനിയൻ സെന്റർ ഫോർ ആസ്‌ട്രോഫിസിക്സിലെ ഗവേഷകൻ ജൊനാഥൻ മക്‌ഡോവൽ പറഞ്ഞു. ‘‘ഇതു റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമാണ്. ആദ്യവിക്ഷേപണത്തിന്റെ അവശിഷ്ടങ്ങൾ ഐവറികോസ്റ്റിൽനിന്നും കഴിഞ്ഞ വർഷം കണ്ടെടുത്തിരുന്നു.’’ -ജൊനാഥൻ ചൂണ്ടിക്കാട്ടി.

വെടിവെച്ചിടാൻ പദ്ധതികളില്ല-യു.എസ്.

റോക്കറ്റിന്റെ പാത നിരിക്ഷിക്കുന്നുണ്ടെന്നും നിലവിൽ വെടിവെച്ചിടാൻ പദ്ധതികളില്ലെന്നും യു.എസ്. വ്യക്തമാക്കി. നാശനഷ്ടമുണ്ടാകാത്ത പ്രദേശത്തിലാകും ഇതു പതിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

Content Highlights: giant piece of Chinese rocket is set to hit Earth