സിഡ്നി: കിഴക്കൻ അന്റാർട്ടിക്കയിലെ അമേരി മഞ്ഞുപാളിയിൽനിന്ന് ഭീമാകാരമായ ഹിമശില അടർന്നുമാറി. ഗ്രേറ്റർ ലണ്ടൻ നഗരത്തോളം വലുപ്പമുള്ള ദീർഘചതുരാകൃതിയിലുള്ള കഷണമാണ് വേർപെട്ടത്.

ഡി-28 എന്നാണിതിന്റെ പേര്. യൂറോപ്യൻ യൂണിയൻ ഭൗമനിരീക്ഷണപദ്ധതി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്തിയത്. 1636 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലുപ്പമെന്ന് ഓസ്ട്രേലിയൻ അന്റാർട്ടിക് ഡിവിഷൻ അറിയിച്ചു.

‘പൊഴിഞ്ഞ പല്ല് ’ എന്നാണ് ഡി-28-ന് സംഘം നൽകിയ ഇരട്ടപ്പേര്. 688 അടി കനമുള്ള ഇതിൽ 34,700 കോടി ടൺ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്.

കാലാവസ്ഥാവ്യതിയാനമല്ല മഞ്ഞുമല ഇടിഞ്ഞുമാറാൻ കാരണമെന്നാണ് സംഘത്തിൻറെ അഭിപ്രായം. കാലാവസ്ഥാവ്യതിയാനംമൂലം മഞ്ഞ് പെട്ടെന്ന് ഉരുകിത്തീരാൻ സാധ്യതയുണ്ട്. മേഖലയിൽ ഹിമാനി ഒഴുകിനടക്കുന്നത് കപ്പലുകൾക്ക് ഭീഷണിയാണ്. ഇതിന്റെ ഒഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

50 വർഷത്തിനുശേഷമാണ് അമേരിയിൽനിന്ന് ഇത്രയുംവലിയൊരു മഞ്ഞുമല വേർപെടുന്നത്. അന്റാർട്ടിക്കയിലെ ഏറ്റവുംവലിയ മൂന്നാമത്തെ മഞ്ഞുപാളിയാണ് അമേരി. 20 വർഷമായി ഓസ്ട്രേലിയൻ അന്റാർട്ടിക് പദ്ധതി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ആൻഡ് അന്റാർട്ടിക് സ്റ്റഡീസ്, സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രാഫി എന്നീ സംഘങ്ങൾ മേഖല നിരീക്ഷിക്കുകയാണ്. ഓസ്ട്രേലിയയിലെ ഡേവിസ്, മോസോൺ ഗവേഷണകേന്ദ്രങ്ങൾക്കിടയിലാണിത് സ്ഥിതിചെയ്യുന്നത്.

Content Highlights: Giant iceberg breaks off east Antarctica