ബേൺ: 150-ാം ജന്മവാർഷികത്തിൽ ജനീവ നദിക്കരയിൽ പ്രത്യേക ചത്വരം സ്ഥാപിച്ച് ഗാന്ധിജിക്ക് സ്വിറ്റ്സർലൻഡ് ജനതയുടെ ആദരം.

വില്ലെന്യൂവിലെ സ്ക്വയറിൽ ഗാന്ധിപ്രതിമ ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനംചെയ്തു. ഗാന്ധിജി തന്റെ ആദ്യ ആശ്രമം സ്ഥാപിച്ചത് സാബർമതി നദിക്കരയിലാണെന്നും മറ്റൊരു നദിക്കരയിൽ ഇങ്ങനെയൊരു സ്മാരകമൊരുക്കുന്നതിലൂടെ സ്വിസ് ജനത ഏറ്റവും ഉചിതമായ അംഗീകാരമാണ് ഗാന്ധിജിക്കു നൽകിയതെന്നും രാംനാഥ് ഗോവിന്ദ് പറഞ്ഞു. നൊബേൽ ജേതാവ് റൊൈമൻ റോളണ്ടിൻറെ ക്ഷണമനുസരിച്ച് 1931-ൽ ഗാന്ധിജി വില്ലെന്യൂവ് സന്ദർശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.

ഭീകരതയെ നേരിടാൻ ഇന്ത്യയ്ക്ക് പിന്തുണ

ഭീകരതയ്ക്കുനേരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ശക്തമായ പിന്തുണയെന്ന് സ്വിറ്റ്‌സർലൻഡ്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വിസ് പ്രസിഡന്റ് യൂലി മോറർ ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനും കൂടിക്കാഴ്ചയിൽ ധാരണയായി. ലോസാൻ സർവകലാശാലയിലെ ഹിന്ദി ചെയറിന്റെ പ്രവർത്തനം ഊർജിതപ്പെടുത്താനും കാലാവസ്ഥ, ശാസ്ത്ര-സാങ്കേതിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനുമുള്ള മൂന്നുകരാറുകളിലും ഇരുവരും ഒപ്പുവെച്ചു.

വ്യത്യസ്തമേഖലകളിലായി 250-ഓളം സ്വിസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതായും സ്വിസ് നിക്ഷേപകർക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണിതെന്നും പിന്നീടുനടന്ന ഇന്ത്യ-സ്വിസ് ബിസിനസ് നിക്ഷേപകസമ്മേളനത്തിൽ രാംനാഥ് കോവിന്ദ് പറഞ്ഞു.