ലിയോൺ: ഫ്രാൻസിലെ ലിയോണിൽ ഹോട്ടലിൽവെച്ച് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോണിന് ചീമുട്ടയേറ്. ഹോട്ടലിൽ വ്യാപാരമേള സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മക്രോണിന്റെ ചുമലിൽത്തട്ടി മുട്ട പൊട്ടാതെ തെറിച്ചുപോയി.

അക്രമിയെ സുരക്ഷാഉദ്യോഗസ്ഥർ ഉടനടി കീഴടക്കി. അക്രമിക്ക് എന്താണു പറയാനുള്ളതെന്ന് പിന്നീട് കേൾക്കുമെന്ന് മക്രോൺ അറിയിച്ചു. രാഷ്ട്രീയ നേതാക്കൾക്കെതിരേ അക്രമാസക്തരായ പ്രതിഷേധക്കാർ മുട്ടയെറിയുന്നത് ഫ്രാൻസിൽ പതിവാണ്. 2017-ൽ പ്രസിഡന്റ് സ്ഥാനാർഥിയായിരിക്കെ മക്രോണിനെതിരേ മുട്ടയേറുണ്ടായിരുന്നു.

ജൂണിൽ പ്രതിഷേധക്കാരൻ മക്രോണിന്റെ മുഖത്തടിച്ച സംഭവവുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വരാനിരിക്കെ, പൊതുപരിപാടികളുടെ എണ്ണം കൂട്ടിയ മക്രോണിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് അധികൃതർ സൂചനനൽകി. അടുത്ത ഏപ്രിലിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് മക്രോൺ പ്രഖ്യാപിച്ചിട്ടില്ല.