പാരീസ്: ഓകസ് കൂട്ടായ്മ ഒപ്പുവെച്ച പ്രതിരോധ, സുരക്ഷാകരാറിൽ പ്രതിഷേധിച്ച് ബ്രിട്ടനുമായുള്ള പ്രതിരോധ ചർച്ചകളിൽനിന്നും ഫ്രാൻസ് പിന്മാറി. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസുമായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലി ഈയാഴ്ച ലണ്ടനിൽ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്.

എന്നാൽ കരാറുമായി ബന്ധപ്പെട്ട് ഫ്രാൻസിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ഏഷ്യ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനാണ് ബ്രിട്ടനും യു.എസും ഓസ്‌ട്രേലിയയും ചേർന്ന് പുതിയ പ്രതിരോധ, സുരക്ഷാ കരാറിൽ ഒപ്പുവെച്ചത്. ഇതോടെ 12 അന്തർവാഹിനികൾ നിർമിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസുമായുണ്ടാക്കിയ കരാറിൽനിന്ന്‌ ഓസ്ട്രേലിയ പിന്മാറി. ഇതാണ് ഫ്രാൻസിനെ ചൊടിപ്പിച്ചത്.

കരാർ ആണവായുധ മത്സരത്തിന് വഴിയൊരുക്കും -ഉത്തരകൊറിയ

ഓകസ് കരാറിനെ അപലപിച്ച് ഉത്തരകൊറിയ. ആണവായുധ മത്സരത്തിനും ഏഷ്യ-പസഫിക് മേഖലയിൽ നയതന്ത്ര സമതുലനാവസ്ഥയ്ക്കും കരാർ ദോഷമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.