പാരീസ്: ഭീകരസംഘടനയായ ഐ.എസിന്റെ ഗ്രേറ്റർ സഹാറ മേഖലാ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്‌റാവിയെ വധിച്ചതായി ഫ്രാൻസ്. സൈന്യം സഹ്‌റാവിയെ വധിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോൺ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

സാഹേൽ മേഖലയിൽ നടത്തുന്ന ഭീകരവിരുദ്ധപ്രവർത്തനങ്ങൾ വലിയതോതിൽ ഫലം കാണുന്നെന്നും സൈനികരുടെ ത്യാഗങ്ങൾ വെറുതേയായില്ലെന്നും അദ്ദേഹം പറഞ്ഞു. ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്തുവിട്ടില്ല. ഐ.എസിനേറ്റ കനത്തതിരിച്ചടിയാണ് സഹ്റാവിയുടെ കൊലപാതകമെന്നും ആക്രമണം തുടരുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലി പറഞ്ഞു.

2017-ൽ നൈജറിൽ നാലു യു.എസ്. സൈനികരും നാലു നൈജർ സൈനികരും കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനാണ് സഹ്‌റാവി. 2020-ൽ ആറു ഫ്രഞ്ച് സന്നദ്ധപ്രവർത്തകരെ കൊലപ്പെടുത്തിയ ആക്രമണത്തിലും പങ്കുണ്ട്. സഹ്റാവിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 36 കോടി രൂപ (50 ലക്ഷം ഡോളർ) യു.എസ്. ഇനാം പ്രഖ്യാപിച്ചിരുന്നു.

2015-ലാണ് സഹ്‌റാവി ഐ.എസ്. ഗ്രേറ്റർ സഹാറ സ്ഥാപിക്കുന്നത്. മലി, നൈജർ, ബർക്കിനോ ഫാസോ രാജ്യങ്ങളിലാണ് സംഘം ആക്രമണങ്ങൾ നടത്തിയിരുന്നത്. 2013മുതൽ മേഖലയിൽ ഐ.എസിനുനേരെ ആക്രമണം നടത്തുന്ന ഫ്രഞ്ച് സൈന്യം ഒട്ടേറെ മുതിർന്ന ഭീകരരെ വധിച്ചിട്ടുണ്ട്.