വാഷിങ്ടൺ: ഫെയ്‌സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വിലക്കിയതിനുപിന്നാലെ തന്റെ വെബ് ബ്ലോഗിങ് സൈറ്റും ഉപേക്ഷിച്ച് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ പ്രസംഗങ്ങളും പ്രസ്താവനകളും പങ്കിട്ട ‘ഫ്രം ദി ഡസ്ക് ഓഫ് ഡൊണാൾഡ് ജെ. ട്രംപ്’ എന്ന് വെബ് പേജാണ് അദ്ദേഹം ഒഴിവാക്കിയത്.

ഭാവിയിൽ മറ്റേതെങ്കിലും സാമൂഹികമാധ്യമത്തിലൂടെ തിരിച്ചുവരുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ട്രംപിന്റെ വക്താവ് ജേസൺ മില്ലർ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 2024-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകിയ ട്രംപിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകൾ കാപ്പിറ്റോൾ ആക്രമണത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും കാരണം നിരോധിച്ചിരുന്നു. ട്വിറ്റർ അക്കൗണ്ട് നിരോധിക്കുമ്പോൾ 8.87 കോടി ഫോളോവേഴ്‌സായിരുന്നു ട്രംപിനുണ്ടായിരുന്നത്.