മാലെ(മാലദ്വീപ്): ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തതിനെക്കാൾ ഭൂമി ചൈന ഒറ്റബുള്ളറ്റുപോലും ഉപയോഗിക്കാതെ കൈയടക്കിയതായി മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മാലെയിൽ ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ സംസാരിക്കവേയാണ് നഷീദ് ചൈനയ്ക്കെതിരേ ആഞ്ഞടിച്ചത്. മാലദ്വീപ് പാർലമെന്റിൽ സ്പീക്കറാണ് ഇപ്പോൾ നഷീദ്.
പ്രസിഡന്റ് അബ്ദുള്ള യമീന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ രാജ്യത്തെ ചൈനയ്ക്ക് അടിയറവെച്ചതായും അദ്ദേഹം ആരോപിച്ചു. ‘‘മുൻ ഭരണാധികാരികളുടെ കൊള്ളരുതായ്മകൾകൊണ്ടാണ് രാജ്യത്ത് വ്യവസായപദ്ധതികൾ പരാജയപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ചു. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സമാധാനാന്തരീക്ഷം തകർത്തു’’ -നഷീദ് ആരോപിച്ചു.
2008മുതൽ 2012വരെ രാജ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. മൗമൂൺ അബ്ദുൾ ഗയൂമിന്റെ മൂന്നുദശാബ്ദംനീണ്ട ഭരണം അവസാനിപ്പിച്ചാണ് അദ്ദേഹം അധികാരമേറിയത്.
Content Highlights: Former maldives president accuses China on land grab