thailand
സമന്‍ കുമന്‍

ബാങ്കോക്ക്: വടക്കൻ തായ്‌ലാൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ മുങ്ങൽവിദഗ്ധൻ ശ്വാസംമുട്ടി മരിച്ചു. തായ് നാവികസേനയിൽനിന്ന് വിരമിച്ച പെറ്റി ഓഫീസർ സമൻ കുമൻ (38) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. കുട്ടികൾക്ക് ഓക്സിജൻ സിലിൻഡർ നൽകി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ജൂൺ 23-നാണ് 11-നും 16-നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളിൽപ്പെട്ടത്. 10 ദിവസത്തിനുശേഷം ബ്രിട്ടീഷ് മുങ്ങൽരക്ഷാവിദഗ്ധരാണ് ഗുഹയ്ക്ക് നാലുകിലോമീറ്റർ ഉള്ളിൽ സംഘത്തെ സുരക്ഷിതമായി കണ്ടെത്തിയത്. തുടർന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊർജിതശ്രമങ്ങളാണ് നടന്നുവരുന്നത്.

കുട്ടികൾക്ക് ഭക്ഷണവും ഓക്സിജനും മരുന്നും എത്തിച്ചു. അതിദുർഘടം പിടിച്ച രക്ഷാദൗത്യത്തിന് പുതുവഴികൾ തേടുന്നതിനിടയ്ക്കുണ്ടായ മുങ്ങൽവിദഗ്ധന്റെ മരണം രക്ഷാപ്രവർത്തകരെ ആശങ്കയിലാഴ്ത്തി.

ഗുഹയ്ക്കുള്ളിലെ ഓക്സിജൻ കുറഞ്ഞതാണ് സമന്റെ മരണകാരണം. തടസ്സമില്ലാത്ത ശ്വാസോച്ഛ്വാസത്തിന് അന്തരീക്ഷത്തിൽ 21 ശതമാനം ഓക്സിജനെങ്കിലും ഉണ്ടാവണം. ഗുഹയ്ക്കകത്ത് ഇപ്പോഴുള്ളത് 15 ശതമാനമാണ്. ഇതേത്തുടർന്ന് ഗുഹയ്ക്കുള്ളിലേക്ക് ഓക്സിജൻ പമ്പുചെയ്യാൻ തുടങ്ങി.

ഇടുങ്ങിയ വഴിയിൽ വെള്ളവും ചെളിയും മൂടിക്കിടക്കുന്ന ഗുഹയ്ക്കുള്ളിൽ രക്ഷാപ്രവർത്തനം ഇതോടെ കൂടുതൽ ദുഷ്കരമായി. ഞായറാഴ്ചയോടെ കാലവർഷം കനക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്രയും അനുഭവസമ്പന്നരായ രക്ഷപ്രവർത്തകർക്കുപോലും സുരക്ഷിതമായി പുറത്തുകടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.

കുട്ടികളെ മഴക്കാലം കഴിഞ്ഞുമാത്രം ഗുഹയ്ക്കുള്ളിൽനിന്ന് പുറത്തുകൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അതിന് നാലുമാസംവരെ കാത്തിരിക്കേണ്ടിവരും. കുട്ടികളെ നീന്തൽപഠിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങാനായിട്ടില്ല. ഇപ്പോൾ പെട്ടെന്നുതന്നെ പുതിയ വഴി കണ്ടെത്തേണ്ടി വന്നിരിക്കുകയാണെന്ന് തായ്‌ലാൻഡ് നേവി സീൽ കമാൻഡർ പറഞ്ഞു.

ഗുഹയിലെ വെള്ളം പമ്പുചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. വെള്ളം കുറഞ്ഞാൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാവുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടേ പുറത്തെത്തിക്കാൻ ശ്രമം നടത്തൂവെന്നും ഉപപ്രധാനമന്ത്രി പ്രാവിത് വോങ്സുവാൻ പറഞ്ഞു.

തായ് നാവികസേനയിൽനിന്ന് വിരമിച്ച സമൻ കുമൻ രക്ഷാപ്രവർത്തകരെ സഹായിക്കാനെത്തിയതാണ്. മികച്ച അത്‌ലറ്റും സൈക്ലിങ് താരവുമാണ്. സമന്റെ ശവസംസ്കാരച്ചെലവ് തായ് രാജാവ് ഏറ്റെടുത്തു. ആയിരത്തോളം രക്ഷാപ്രവർത്തകരാണ് ഇപ്പോൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്.