വാഷിങ്ടൺ: യു.എസിൽ കറുത്തവർഗക്കാരുടെ നീതിക്കുവേണ്ടി പ്രതിഷേധങ്ങൾ കനക്കുന്നതിനിടെയാണ് ജോർജ് ഫ്ളോയ്ഡ് വധക്കേസിലെ പ്രതി ഡെറെക് ചൗവിൻ കുറ്റക്കാരനാണെന്ന കോടതിവിധി പുറത്തുവരുന്നത്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന വംശീയ നരഹത്യകളിൽ വളരെ അപൂർവമായി മാത്രമേ വെള്ളക്കാരായ പോലീസുകാർ ശിക്ഷിക്കപ്പെടാറുള്ളൂ എന്നതിനാൽ ഫ്ളോയ്ഡ് കേസിലെ വിധി ഏറെ പ്രാധാന്യത്തോടെയാണ് മനുഷ്യാവകാശസംഘടനകൾ നോക്കിക്കാണുന്നത്.

‘‘ഇന്നുമുതൽ ഞങ്ങൾക്കിനി വീണ്ടും ശ്വസിക്കാ’’മെന്നായിരുന്നു വിധിപ്രഖ്യാപനത്തിനുപിന്നാലെ ഫ്ളോയ്ഡിന്റെ ഇളയസഹോദരരിൽ ഒരാളായ ഫിലോനിസിന്റെ പ്രതികരണം. ജോർജിന്‌ നീതിലഭിച്ചെങ്കിൽ അതിനർഥം എല്ലാവർക്കും സ്വാതന്ത്ര്യമെന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസംമുട്ടുന്നു’’ -മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനുവേണ്ടി യാചിക്കുന്ന ഫ്ളോയ്ഡിന്റെ ഈ വാക്കുകൾ ലോകത്താകമാനം പ്രതിഷേധാഗ്നി തീർത്തിട്ട് ഒരുവർഷത്തോളമാകുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ഫ്ളോയ്ഡിന്റെ വാക്കുകൾ വംശവെറിക്കെതിരേ പിന്നീട് ലോകത്താകമാനം അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ മുദ്രാവാക്യമാവുകയും ചെയ്തു. ഫ്ളോയ്ഡിന്റെ മരണത്തോടെയാണ് വംശീയവാദികളും അടിമക്കച്ചവടക്കാരുമായിരുന്ന ചരിത്രനേതാക്കളുടെ പ്രതിമകൾ തകർത്തുകൊണ്ടുള്ള സമരമുറ ലോകത്താകെ ചൂടുപിടിച്ചത്.

ഫ്ളോയ്ഡ് വധത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഡെറെക് ചൗവിനെയും മറ്റു മൂന്ന് പോലീസുകാരെയും നേരത്തേ സേനയിൽനിന്ന് പുറത്താക്കിയിരുന്നു. എഫ്.ബി.ഐ.യാണ് ഫ്ളോയ്ഡ് വധക്കേസ് അന്വേഷിച്ചത്.

നീതിയിലേക്കുള്ള മഹത്തായ ചുവടുവെപ്പെന്ന് ബൈഡൻ

വാഷിങ്ടൺ: അമേരിക്കയുടെ നീതിയിലേക്കുള്ള യാത്രയിലെ മഹത്തായ ചുവടുവെപ്പാണ് ഫ്ളോയ്ഡ് കേസിലെ വിധിയെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നാണ് ഇന്നത്തെ വിധി നൽകുന്ന സന്ദേശം. പക്ഷേ അതുകൊണ്ടൊന്നും മതിയാവില്ല, നമുക്കിവിടെ നിർത്താനുമാവില്ല. യഥാർഥമാറ്റം വരണമെങ്കിൽ ഇതുപോലുള്ള ദുരന്തങ്ങൾ ഇനിയൊരിക്കലും നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബൈഡൻ പറഞ്ഞു.

യു.എസ്. കോൺഗ്രസ് അംഗങ്ങളായ പ്രമീള ജയ്‌പാൽ, റോ ഖന്ന, ഏമി ബെറ, നീര ടാണ്ഡെൻ തുടങ്ങിയവരും വിധി സ്വാഗതംചെയ്തു. നീതി നടപ്പായെന്നും എന്നാൽ, ഈ ഒറ്റവിധിയിലൂടെ കറുത്തവംശക്കാരെ തുടർച്ചയായി കൊലപ്പെടുത്തുന്ന സംവിധാനത്തെ ശരിയാക്കാനാവില്ലെന്നും പ്രമീള ജയ്‌പാൽ പറഞ്ഞു.