ടലഹസീ: തോക്ക് വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്‌കൂള്‍ സുരക്ഷാ ബില്‍ ഫ്‌ളോറിഡ നിയമസഭ ബുധനാഴ്ച പാസാക്കി. ചില അധ്യാപര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അനുമതിയും ബില്ലിലുണ്ട്.

അമ്പതിനെതിരേ 67 വോട്ടിനാണ് ബില്‍ പാസായത്. ഫ്‌ളോറിഡയിലെ പാര്‍ക്ലന്‍ഡിലുള്ള സ്‌കൂളില്‍ ഫെബ്രുവരി 14-നു നടന്ന വെടിവെപ്പില്‍ 17 പേര്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് ബില്ലിലെത്തിച്ചത്.

തോക്കുവാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 21 ആയി വര്‍ധിപ്പിക്കും. ആവശ്യക്കാര്‍ക്ക് ആയുധം ഉടന്‍ വില്‍ക്കില്ല. നിശ്ചിത കാത്തിരിപ്പുകാലമുണ്ടാവും. സ്‌കൂള്‍ ജീവനക്കാരെയും ചില അധ്യാപകരെയും തോക്ക് കൈവശംവയ്ക്കാന്‍ അനുവദിക്കും. ഇതിനായി ഇവര്‍ പ്രത്യേകപരിശീലനത്തിന് വിധേയരാകണം. ഇങ്ങനെ തോക്ക് കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന പദ്ധതിയ്ക്ക് രക്ഷാകര്‍ത്തൃ പരിപാടിയെന്നാണ് പേര്. ഇതില്‍ അംഗമാകണോയെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് ബില്‍ പറയുന്നു. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ബില്‍ നിയമമാകും.

അലബാമ സ്‌കൂളില്‍ വെടിവെപ്പ്; ഒരു മരണം

ബര്‍മിങാം:
യു.എസിലെ അലബാമയിലുള്ള ഹഫ്മാന്‍ ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 വയസ്സുള്ള വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ഇതേപ്രായമുള്ള വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വെടിവെപ്പ് കരുതിക്കൂട്ടിയുള്ളതല്ലെന്ന നിഗമനത്തിലാണ് പോലീസ്. യു.എസ്. സമയം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു വെടിവെപ്പ്. ആരാണ് വെടിയുതിര്‍ത്തതെന്നോ എന്തിനാണെന്നോ ഉള്ള വിവരം പോലീസ് വ്യക്തമാക്കിയിട്ടില്ല.